കൊല്ലം : ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ ആയപ്പോൾ എല്ലാവരും ഏറെ അതിശയിച്ചത് രേഖാചിത്രവും പ്രതിയും തമ്മിലുള്ള സാമ്യം കണ്ടാണ്. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ആകെ വൈറലാണ് ആ ചിത്രങ്ങൾ. ആദ്യമായാണ് ഒരു പ്രതിയുടെ രേഖാചിത്രവും യഥാർത്ഥ പ്രതിയും തമ്മിൽ ഇത്രയേറെ സാമ്യം ഉണ്ടായതെന്ന് എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.
ആ ചിത്രങ്ങൾ വരച്ച കലാകാരന്മാർക്ക് ഇപ്പോൾ വളരെയേറെ അഭിനന്ദനങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നീരാവിൽ സ്വദേശികളായ ഷജിത്ത്-സ്മിത ദമ്പതികൾ ആണ് ഈ രേഖ ചിത്രങ്ങൾ വരച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അന്ന് രാത്രി തന്നെയാണ് പോലീസ് ചിത്രകലയിൽ വൈദഗ്ദ്ധ്യം ഉള്ള ഈ ദമ്പതികളെ സമീപിക്കുന്നത്. അഞ്ചു രേഖാചിത്രങ്ങളാണ് ഇവർ വരച്ചു നൽകിയിരുന്നത്.
ആദ്യ രേഖാചിത്രങ്ങൾ വരയ്ക്കാൻ സഹായിച്ചത് പാരിപ്പള്ളിയിലെ കട നടത്തിപ്പിക്കാരി ഗിരിജ എന്ന സ്ത്രീയായിരുന്നു. അർദ്ധരാത്രി 12 മണിക്ക് ശേഷമായിരുന്നു പോലീസ് ചിത്രം വരയ്ക്കാനായി ആവശ്യപ്പെട്ട് വിളിച്ചതെന്ന് ഷജിത്ത് സൂചിപ്പിച്ചു. നേരം വെളുക്കുവോളം ഇരുന്ന് ഒരുപാട് മാറ്റിയും മറിച്ചും വരച്ചാണ് സാമ്യമുള്ളതായി സാക്ഷിക്ക് തോന്നിയ ഒരു ചിത്രത്തിൽ എത്തിയത്.
അവസാനമായി വരച്ച മൂന്ന് രേഖാചിത്രങ്ങൾക്ക് വിവരങ്ങൾ നൽകിയത് തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടിയായിരുന്നു. പ്രതികളെ കുറിച്ചുള്ള ഓരോ സൂക്ഷ്മ വിവരങ്ങളും വ്യക്തമായിത്തന്നെ അഭിഗേൽ പറഞ്ഞു തന്നിരുന്നുവെന്ന് ഷജിത്ത് വെളിപ്പെടുത്തി. കുട്ടി കൃത്യമായി വിവരങ്ങൾ നൽകിയതിനാൽ വലിയ വെല്ലുവിളിയില്ലാതെയാണ് ഈ ചിത്രങ്ങൾ പൂർത്തീകരിച്ചതെന്നും ഷജിത്തും സ്മിതയും വ്യക്തമാക്കി.
Discussion about this post