ശ്രീനഗർ: ലോക ക്രിക്കറ്റിന് ഇന്ത്യ സംഭാവന ചെയ്ത മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് ജമ്മു കശ്മീരിൽ വേരുകളുള്ള സുരേഷ് റെയ്ന. മഹേന്ദ്ര സിംഗ് ധോനിക്കൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച റെയ്ന, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മിന്നും താരമായിരുന്നു. വിരമിക്കലിന് ശേഷവും നിരവധി അന്താരാഷ്ട്ര ലീഗുകളിൽ കളി തുടരുന്ന റെയ്നയെ, പുതിയ ചുമതല ഏൽപ്പിച്ചിരിക്കുകയാണ് ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് കമ്മീഷൻ.
ജമ്മു കശ്മീരിലെ യുവ വോട്ടർമാർക്കിടയിൽ ജനാധിപത്യ ബോധവത്കരണം നടത്താനുള്ള അംബാസഡർ പദവിയിലേക്കാണ് ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് കമ്മീഷൻ റെയ്നയെ നിയോഗിച്ചിരിക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള സുരേഷ് റെയ്നക്ക് യുവാക്കൾക്കിടയിലുള്ള നിർണായക സ്വാധീനം പരിഗണിച്ചാണ് പുതിയ ചുമതല നൽകിയിരിക്കുന്നതെന്ന് ജമ്മു കശ്മീർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പാണ്ഡുരംഗ് കെ പോൾ അറിയിച്ചു.
ദേശീയ- അന്തർ ദേശീയ തലത്തിൽ മികച്ച പ്രകടനം നടത്തുന്ന നിരവധി കശ്മീരി ക്രിക്കറ്റ് താരങ്ങൾ നമുക്കുണ്ട്. വരും നാളുകളിൽ കൂടുതൽ യുവതാരങ്ങൾ ജമ്മു കശ്മീരിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തേക്ക് കടന്നുവരുമെന്ന് സുരേഷ് റെയ്ന പറഞ്ഞു.
അതോടൊപ്പം, തിരഞ്ഞെടുപ്പിൽ വലിയ യുവജന പങ്കാളിത്തമുണ്ടാകേണ്ടത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ സുപ്രധാനമാണ്. അതിനാൽ പ്രായപൂർത്തിയായ എല്ലാവരും വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യണമെന്നും തിരഞ്ഞെടുപ്പിൽ സജീവ സാന്നിദ്ധ്യമാകണമെന്നും റെയ്ന അഭ്യർത്ഥിച്ചു.
Discussion about this post