ജയ്പൂർ: ശക്തമായ പോരാട്ടം കാഴ്ചവച്ച് രാജഭൂമിയായ രാജസ്ഥാനിൽ ഭരമം തിരികെ പിടിച്ചിരിക്കുകയാണ് ബിജെപി. എക്‌സിറ്റ് പോളുകൾ പ്രവചിച്ചത് പോലെ 114 ഇടത്താണ് ബിജെപി ശക്തമായ മുന്നേറ്റം കാഴ്ച വച്ചിരിക്കുന്നത്. വരും മണിക്കൂറിൽ കൂടുതൽ മണ്ഡലങ്ങളിൽ ശക്തമായ ലീഡ് ബിജെപിക്ക് ഉണ്ടാവുമെന്നാണ് കണക്ക് കൂട്ടൽ.
പക്ഷേ ഈ സാഹചര്യത്തിൽ ആശ്വാസത്തിന്റെ ഒരു തരി കനൽ പോലുമില്ലാതെ കെട്ടുപോകുന്ന അവസ്ഥയിലാണ് രാജസ്ഥാനിൽ സിപിഎം. 17 ഇടത്ത് മത്സരിച്ചെങ്കിലും ആകെയുണ്ടായിരുന്ന സിറ്റിംഗ് സീറ്റും സിപിഎമ്മിന് നഷ്ടമാവാനാണ് സാധ്യത.
നാലു വട്ടം എംഎൽഎയായിരുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മറ്റി അംഗവുമായിരുന്ന അംറ റാം കഴിഞ്ഞ വർഷം തോറ്റ സീക്കർ ജില്ലയിലെ ദത്താരാംഗഡിൽ ഇത്തവരണയും തോറ്റു. സിറ്റിംഗ് സീറ്റായ ഹനുമൻഗഡ് ജില്ലയിലെ ഭദ്രിൽ ബൻവൻ പുനിയയും രണ്ടാമത്തെ സിറ്റിംഗ് സീറ്റായ ബിക്കാനിറിലെ ദുംഗർഗഡിൽ ഗിർദരിലാൽ മഹിയയും നിലവിൽ രണ്ടാം സ്ഥാനത്താണ്.
ഇൻഡിയ സഖ്യത്തോടൊപ്പം ചേർന്നുള്ള സീറ്റ് ധാരണ പരാജയപ്പെട്ടതോടെയാണ് 17 സീറ്റിൽ സിപിഎം സ്ഥാനാർത്ഥികളെ നിർത്തിയത്. കോൺഗ്രസുമായുള്ള ചർച്ചയിൽ മൂന്ന് സീറ്റ് സിപിഎമ്മിന് നൽകാമെന്നായിരുന്നു ധാരണ. എന്നാൽ ഇത് സമ്മതിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന അംറ റാം വ്യക്തമാക്കുകയായിരുന്നു.
Discussion about this post