ന്യൂഡൽഹി: മറ്റ് ലോകരാജ്യങ്ങളെ മറികടന്ന് സെമികണ്ടക്ടർ ചിപ്പ് വ്യവസായത്തിൽ പുതുയുഗപിറവിയ്ക്ക് ഒരുങ്ങി ഇന്ത്യ. ചൈനയ്ക്ക് ബദലായി സെമികണ്ടക്ടർ ചിപ്പുകളുടെ ആഗോള നിർമ്മാണ ഹബ്ബാകാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇന്ത്യയുടെ അതിവിപുലമായ സാധ്യതകൾ മുന്നിൽ കണ്ട് ആഗോള രംഗത്തെ മുൻനിരബ്രാൻഡുകൾ രാജ്യത്തെ തേടി എത്തിയിട്ടുണ്ട്. രണ്ടുവർഷത്തിനുള്ളിൽ രാജ്യത്തെ സെമികണ്ടക്ടർ വിപണി 6400 കോടി ഡോളറിലെത്തുമെന്ന് ഇന്ത്യ ഇലക്ട്രോണിക്‌സ് ആൻഡ് സെമികണ്ടക്ടർ അസോസിയേഷൻ പറയുന്നു.
കേന്ദ്രസർക്കാരിന്റെ ഉത്പാദന ബന്ധിത അനുകൂല്യ സ്‌ക്കീം വൻവിജയമായതോടെ ചിപ്പുകളുടെ ഡിസൈൻ,നിർമ്മാണം, ഗവേഷണം എൻജിനീയറിംഗ് തുടങ്ങിയ മേഖലകളിലേക്ക് വൻ തോതിൽ നിക്ഷേപം എത്തുന്നുണ്ട്. നടപ്പുസാമ്പത്തിക വർഷം മൂന്ന് മുൻനിര കമ്പനികളാണ് സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ രംഗത്ത് നിക്ഷേപിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കുന്നു.
ആഗോള കമ്പനിയായ മൈക്രോൺ ടെക്‌നോളജീസ് സെപ്തംബറിൽ ഗുജറാത്തിലെ സാനന്ദിൽ 275 കോടി ഡോളർ നിക്ഷേപത്തിൽ സെമികണ്ടക്ടർ ടെസ്റ്റിംഗ് ആൻഡ് പാക്കേജിംഗ് കേന്ദ്രം ആരംഭിച്ചിരുന്നു. ഗുജറാത്ത് പ്‌ളാന്റ് വൻ വിജയമായതോടെ ആഗോള ചിപ്പ് ബ്രാൻഡുകൾ ഇന്ത്യയിൽ വലിയ നിക്ഷേപ താത്പര്യമാണ് പ്രകടിപ്പിക്കുന്നത്. മൈമ്മറി കാർഡ് നിർമ്മാതാക്കളായ മൈക്രോൺ, അപ്‌ളൈഡ് മെറ്റീരിയൽസ്, വൈദഗ്ധ്യ പരിശീലകരായ ലാം റിസർച്ച്, മൈക്രോചിപ്പ്, അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് എന്നീ ബ്രാൻഡുകളാണ് ഇന്ത്യയെ തേടി എത്തുന്നത്.
ലോകത്തിലെ മുൻനിര സെമികണ്ടക്ടർ കമ്പനിയായ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് (എ.എം.ഡി) കഴിഞ്ഞ ദിവസം ബംഗളൂരിൽ അവരുടെ ഏറ്റവും വലിയ ഡിസൈൻ കേന്ദ്രം തുറന്നിരുന്നു. രാജ്യത്ത് ഗവേഷണ, വികസന, എൻജിനീയറിംഗ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് 40 കോടി ഡോളറിന്റെ നിക്ഷേപമാണ് എ.എം.ഡി ലക്ഷ്യമിടുന്നത്. ത്രിഡി സ്റ്റാക്കിംഗ്, നിർമ്മിത ബുദ്ധി,മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിൽ ഡിസൈനിംഗ്, ഡെവലപ്പ്‌മെന്റ് രംഗത്ത് മൂവായിരം എൻജിനിയർമാർക്ക് പുതിയ ക്യാമ്പസിൽ ജോലി ലഭിക്കും.
കൊവിഡ് രോഗവ്യാപനത്തിന് ശേഷം അമേരിക്കയ്ക്ക് ചൈനയിൽ നിർമ്മിക്കുന്ന ചിപ്പുകളെ കുറിച്ച് സുരക്ഷാ ഭീതി കൂടിയതാണ് ഇന്ത്യയ്ക്ക് അനുകൂലമാകുന്നത്. ഇന്ത്യ ലോകരാഷ്ട്രങ്ങൾക്ക് വിശ്വസീയമായതിനാൽ അമേരിക്ക കൈ അയച്ച് സഹായിക്കുന്നുമുണ്ട്.
Discussion about this post