കൊല്ലം; ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതിയായ അനിതകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ. തന്റെ മകൾ ക്രൂരയാണെന്ന് ഓയൂർ കുട്ടിയെ കടത്തിയ കേസിലെ അനിതയുടെ അമ്മ പറഞ്ഞു. തട്ടിയെടുത്ത സ്വത്ത് തിരികെ ചോദിച്ചപ്പോൾ മരുമകൻ പത്മകുമാർ തന്നെ ചവിട്ടി വീഴ്ത്തിയെന്നും കുട്ടിയെ തട്ടിയത് ക്രൂരമായ പ്രവർത്തിയാണെന്നും അനിതയുടെ അമ്മ.
ലോകത്ത് ആരെങ്കിലും ചെയ്യുന്നതാണോ അവൾ ചെയ്തതെന്നും അവൾക്ക് എങ്ങനെ തോന്നി ഒരു കുട്ടിയോടിങ്ങനെ ചെയ്യാനെന്നും അനിതയുടെ അമ്മ ചോദിച്ചു. ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുക യെന്ന് പറഞ്ഞാൽ അങ്ങേയറ്റത്തെ ക്രൂരതയാണ്. പത്മകുമാറുമായി ഇഷ്ടത്തിലായതോടെ അനിതയുടെ കല്യാണം നടത്തികൊടുത്തു. വർഷങ്ങൾക്ക് ശേഷം സ്‌നേഹം നടിച്ചെത്തി 13 സെന്റ് ഭൂമി പണയപ്പെടുത്തി’. തിരികെ ചോദിച്ചു പോയപ്പോൾ ആക്രമിച്ചെന്നും അമ്മ പറഞ്ഞു. പ്രമാണം തിരികെ ചോദിച്ചതിന് പത്മകുമാർ ഓടിവന്ന് ചവിട്ടുകയായിരുന്നു. തടയാൻ ചെന്ന ബന്ധുവിനെയും തള്ളിതാഴയിട്ടു. അതിന് ശേഷം വീടുമായി യാതൊരു ബന്ധവും ഇല്ലെന്ന് അമ്മ പറയുന്നു.
സ്വന്തം അച്ഛൻ ആശുപത്രിയിലായപ്പോഴും മരിച്ചപ്പോഴും തിരിഞ്ഞ് നോക്കാത്ത മകളെ തനിക്കും കാണേണ്ട എന്നും അനിതയുടെ അമ്മ വെളിപ്പെടുത്തി.












