ന്യൂഡൽഹി : സിയാച്ചിൻ മേഖലയിലേക്ക് വിന്യസിക്കപ്പെടുന്ന ആദ്യ വനിത മെഡിക്കൽ ഓഫീസർ ആയി ക്യാപ്റ്റൻ ഗീതിക കൗൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ സേവനമനുഷ്ഠിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ആർമിയിലെ ആദ്യ വനിതാ മെഡിക്കൽ ഓഫീസർ എന്ന ബഹുമതിയിലൂടെ ക്യാപ്റ്റൻ ഗീതിക പുതിയൊരു ചരിത്രമാണ് രചിച്ചിരിക്കുന്നത്. സിയാച്ചിൻ ബാറ്റിൽ സ്‌കൂളിലെ കഠിനമായ പരിശീലനത്തിന് ശേഷമാണ് ക്യാപ്റ്റൻ ഗീതികയെ യുദ്ധഭൂമിയിലേക്ക് സേവനത്തിനായി അയയ്ക്കുന്നത്.
ഏത് കഠിനമായ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലുള്ള ഇൻഡക്ഷൻ പരിശീലനമാണ് ക്യാപ്റ്റൻ ഗീതികയ്ക്ക് നൽകിയിട്ടുള്ളത്. ശാരീരികവും മാനസികവുമായ സഹിഷ്ണുതകൾ പാലിച്ച് അതിജീവിക്കാൻ ഈ പരിശീലനത്തിലൂടെ സാധിക്കുന്നതാണ്. പർവത പ്രദേശങ്ങളിലെ യുദ്ധങ്ങളിൽ പ്രാവീണ്യം നേടിയിട്ടുള്ള ലഡാക്കിലെ സ്‌നോ ലെപ്പേർഡ് ബ്രിഗേഡിൽ നിന്നുമുള്ള സൈനിക ഉദ്യോഗസ്ഥയാണ് ക്യാപ്റ്റൻ ഗീതിക.
ഹിമാലയത്തിന്റെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിയാച്ചിൻ തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള മേഖലയാണ്. ഏറെ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയും ഭൂപ്രദേശവും ആണ് ഈ മേഖലയിലുള്ളത്. അത്തരം ഒരു പ്രദേശത്ത് ഒരു വനിതാ മെഡിക്കൽ ഓഫീസറെ വിന്യസിക്കുന്നത് വഴി ഇന്ത്യൻ സൈന്യത്തിന്റെ ലിംഗസമത്വം അടിവരയിട്ട് ഉറപ്പിക്കുകയാണ്. 15,500 അടിയിൽ കൂടുതൽ ഉയരത്തിലാണ് സിയാച്ചിനിലെ സൈനികരെ വിന്യസിച്ചിട്ടുള്ളത്.
മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സിയാച്ചിൻ മേഖലയ്ക്ക് അതീവപരിഗണനയാണ് നൽകുന്നത്. കഴിഞ്ഞ ഒക്ടോബറിൽ സിയാച്ചിലെ സൈനികർക്കായി 15,500 അടി ഉയരത്തിൽ ബിഎസ്എൻഎൽ ഒരു ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ (ബിടിഎസ്) കമ്മീഷൻ ചെയ്തു. ഇതോടെ ആദ്യമായ് സിയാച്ചിനിൽ വിന്യസിക്കപ്പെടുന്ന സൈനികർക്ക് തങ്ങളുടെ കുടുംബവുമായി എളുപ്പത്തിൽ ആശയവിനിമയം സാധ്യമായി. സർക്കാരിൽ നിന്നും ലഭിക്കുന്ന ഈ പ്രോത്സാഹനങ്ങൾ സിയാച്ചിനിൽ ജോലി ചെയ്യുന്ന സൈനികർക്ക് ഏറെ ആശ്വാസകരമാണ്.
Discussion about this post