ന്യൂഡൽഹി : തൃശൂർ എടുക്കാൻ സുരേഷ് ഗോപിക്ക് ആവില്ലെന്ന് തൃശൂർ എംപിയായ ടി എൻ പ്രതാപൻ. ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനും കഴിയില്ലെന്ന് ടി എൻ പ്രതാപൻ വ്യക്തമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു പ്രതാപൻ ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.
“സുരേഷ് ഗോപി 80% നടനും 20% രാഷ്ട്രീക്കാരനുമെന്നാണ് എം ടി രമേശ് പറഞ്ഞത്. പക്ഷേ എന്റെ അഭിപ്രായം സുരേഷ് ഗോപി 100 % നടൻ ആണെന്നാണ്. അദ്ദേഹം ഹോളിവുഡിൽ അഭിനയിക്കണം എന്നാണ് എന്റെ ആഗ്രഹം. പക്ഷേ സുരേഷ് ഗോപിക്ക് തൃശ്ശൂർ എടുക്കാൻ കഴിയില്ല. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനും കഴിയില്ല. അത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആയാലും നിയമസഭാ തിരഞ്ഞെടുപ്പിൽ ആയാലും. സുരേഷ് ഗോപിയുടെ കാര്യത്തിൽ അദ്ദേഹത്തെ ഒരിക്കലും മലയാള സിനിമയ്ക്ക് നഷ്ടമാകരുത് എന്നാണ് എന്റെ അഭിപ്രായം” എന്നും ടി എൻ പ്രതാപൻ വ്യക്തമാക്കി.
കേന്ദ്രസർക്കാർ പല പദ്ധതികൾക്കും പണം അനുവദിക്കുന്നില്ലെന്നും ടി എൻ പ്രതാപൻ കുറ്റപ്പെടുത്തി. കേന്ദ്രം എപ്പോഴും ബിജെപി സംസ്ഥാനങ്ങൾക്കാണ് പരിഗണന നൽകുന്നത്. കേരള സർക്കാരിന്റെ കെടുകാര്യസ്ഥത നിലനിൽക്കുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ ഈ അവഗണന. കേരളത്തിന് അവകാശമുള്ളത് കേന്ദ്രം തന്നേ പറ്റൂ എന്നും ടി എൻ പ്രതാപൻ എംപി അഭിപ്രായപ്പെട്ടു.
Discussion about this post