ലണ്ടൻ : കുടിയേറ്റം തടയുന്നതിനായുള്ള പുതിയ പദ്ധതികൾ അവതരിപ്പിച്ച് യു കെ. ഇമിഗ്രേഷൻ സംവിധാനങ്ങളുടെ ദുരുപയോഗം തടയുന്നതിനായുള്ള പദ്ധതിയാണ് യുകെ ആഭ്യന്തര സെക്രട്ടറി അവതരിപ്പിച്ചിട്ടുള്ളത്.
യുകെയിലേക്ക് വരുന്ന ആശ്രിതരുടെ എണ്ണം അവസാനിപ്പിക്കുകയും വിദേശ തൊഴിലാളികളോ സ്ഥിരതാമസക്കാരോ ആയവർ കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിനായുള്ള ശമ്പളപരിധി വർദ്ധിപ്പിക്കുകയും ചെയ്തു.
യുകെയിലെ ഈ പുതിയ നിയമം വിദേശ തൊഴിലാളികൾക്ക് അവരുടെ ആശ്രിതരെ യുകെയിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടുള്ളതാക്കും. ഹെൽത്ത് ആൻഡ് കെയർ വിസയും സർക്കാർ കർശനമാക്കുമെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കെയർ ക്വാളിറ്റി കമ്മീഷൻ നിയന്ത്രിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ മാത്രമേ ഇംഗ്ലണ്ടിലെ കെയർ പ്രൊവൈഡർമാർക്ക് ഇനി കുടിയേറ്റ തൊഴിലാളികളെ സ്പോൺസർ ചെയ്യാൻ കഴിയൂ.
2023 സെപ്തംബർ വരെയുള്ള കാലയളവിൽ യുകെയിൽ കെയർ വർക്കർമാർക്കും സീനിയർ കെയർ വർക്കർമാർക്കും 101,000 ഹെൽത്ത് ആന്റ് കെയർ വിസകൾ അനുവദിച്ചിരുന്നു. ഏകദേശം 120,000 വിസകൾ അനുബന്ധ ആശ്രിതർക്കും അനുവദിച്ചിരുന്നു. എന്നാൽ ഇവരിൽ ഭൂരിഭാഗവും യുകെയിൽ ജോലി ചെയ്യുന്നില്ലെന്ന് സർക്കാർ കണ്ടെത്തി. ജോലി ചെയ്യാതെ തന്നെ ഇവർ പൊതു സേവനങ്ങൾ ഉപയോഗിക്കുന്നത് സർക്കാരിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇതോടെയാണ് കുടിയേറ്റ നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
Discussion about this post