ഇസ്ലാമാബാദ്; ഇന്ത്യ ഹിറ്റ്‌ലിസ്റ്റിൾ ഉൾപ്പെടുത്തിയ ഭീകരർക്ക് നേരെ വീണ്ടും അജ്ഞാതരുടെ ആക്രമണം. ലഷ്‌കർ ത്വയ്ബ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായ ഹൻസ്ല അദ്‌നാനെ അജ്ഞാതരായ തോക്കുധാരികൾ വധിച്ചു. പാകിസ്താനിലെ കറാച്ചിയിൽ വച്ചാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്.
2 ബിഎസ്എഫ് ജവാന്മാർ വീരമൃത്യുവരിച്ച 2015-ലെ ഉധംപൂർ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ഹൻസ്ല അദ്‌നാൻ. 2015-ൽ ജമ്മു കശ്മീരിലെ ഉധംപൂരിൽ ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെയായിരുന്നു ലഷ്‌കർ ഭീകരരുടെ ആക്രമണം.
മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലഷ്‌കറെ ഇ ടി തലവൻ ഹാഫിസ് സയീദിന്റെ അടുത്തയാളാണെന്ന് കരുതപ്പെടുന്ന ഹൻസ്ല അദ്നാനെ ഇയാളുടെ വീടിന് പുറത്ത് വച്ചാണ് വെടിവെച്ചുകൊന്നത്. നാല് വെടിയുണ്ടകളാണ് ഇയാളുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. പാക് സൈന്യം ഭീകരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡിസംബർ 5 ന് മരണം സംഭവിക്കുകയായിരുന്നു.അടുത്തിടെയാണ് ഇയാൾ തന്റെ ഓപ്പറേഷൻ ബേസ് റാവൽപിണ്ടിയിൽ നിന്ന് കറാച്ചിയിലേക്ക് മാറ്റിയത്. പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ഭീകരരെ പരിശീലിപ്പിക്കുകയായിരുന്നു ഇയാളുടെ ചുമതല.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനും ഭീകരാക്രമണം നടത്താനും പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസും (ഐഎസ്‌ഐ) പാകിസ്താൻ സൈന്യവും ഇയാളെ പിന്തുണച്ചിരുന്നു. ഖാലിസ്ഥാനി ഭീകരൻ ജർനൈൽ സിംഗ് ഭിന്ദ്രൻവാലയുടെ അനന്തരവൻ ലഖ്ബീർ സിംഗ് റോഡ് ഡിസംബർ 2 ന് പാകിസ്താനിൽ മരിച്ചതിന് പിന്നാലെയാണ് ഹൻസല അദ്‌നാന്റെ മരണം സംഭവിച്ചത്.
Discussion about this post