ന്യൂഡൽഹി : ജമ്മു കശ്മീർ സംവരണ ബിൽ, ജമ്മു കശ്മീർ പുനഃസംഘടന ബിൽ എന്നിവ കേന്ദ്രസർക്കാർ ലോക്‌സഭയിൽ പാസാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ‘നയാ കശ്മീർ’ ബില്ലുകൾ അവതരിപ്പിച്ചത്. കഴിഞ്ഞ 70 വർഷമായി അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് നീതി നൽകുമെന്ന് അമിത് ഷാ ബിൽ അവതരിപ്പിക്കുന്ന വേളയിൽ വ്യക്തമാക്കി.
“ഞാൻ ഇവിടെ കൊണ്ടുവന്ന ബില്ലുകൾ അനീതി നേരിടുകയും അവഹേളിക്കുകയും അവഗണിക്കപ്പെടുകയും ചെയ്തവർക്ക് നീതി ലഭ്യമാക്കുന്നതിനും അവർക്ക് അവകാശങ്ങൾ നൽകുന്നതിനുമുള്ളതാണ്. ഏത് സമൂഹത്തിലും നിസ്സഹായരായവരെ മുന്നോട്ട് കൊണ്ടുവരണം. അതാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ബോധം” – അമിത് ഷാ വ്യക്തമാക്കി.
“1994-2004 കാലഘട്ടത്തിൽ കാശ്മീരിൽ മൊത്തം 40,164 തീവ്രവാദ സംഭവങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 2004 മുതൽ -2014 വരെയുള്ള കാലഘട്ടത്തിൽ, മൊത്തം 7,217 തീവ്രവാദ സംഭവങ്ങൾ നടന്നു. എന്നാൽ 2014-2023 കാലഘട്ടത്തിൽ, നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ, മൊത്തം തീവ്രവാദ സംഭവങ്ങൾ രജിസ്റ്റർ ചെയ്തത് 2000 മാത്രമാണ്. അതായത് തീവ്രവാദ സംഭവങ്ങളിൽ 70% കുറവ് കശ്മീരിൽ രേഖപ്പെടുത്തി . വിഘടനവാദത്തിന്റെ മൂലകാരണം, തീവ്രവാദത്തിന്റെ മൂലകാരണം, ആർട്ടിക്കിൾ 370 അല്ലാതെ മറ്റൊന്നുമല്ലെന്ന് ഞാൻ പറഞ്ഞത് പൂർണ്ണമായും തെളിയിക്കുന്നതാണിത്” എന്നും അമിത് ഷാ സഭയിൽ വ്യക്തമാക്കി.
Discussion about this post