ന്യൂഡൽഹി : “POK നമ്മുടേതാണ്”! ഇന്ന് ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശബ്ദത്തിൽ മുഴങ്ങിക്കേട്ട ഏറ്റവും പ്രസക്തമായ വാചകം ആയിരുന്നു അത്. പാക് അധീന കശ്മീരും നമ്മുടേതാണ് പാക് അധീന കശ്മീരിലെ ജനങ്ങളും നമ്മുടേതാണ് എന്ന് അമിത് ഷാ സഭയിൽ ഊന്നിപ്പറഞ്ഞു. ജമ്മു കശ്മീർ സംവരണ (ഭേദഗതി) ബിൽ 2023, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2023 എന്നിവ ഉൾപ്പെടുന്ന ‘നയാ കാശ്മീർ’ ബിൽ ലോക് സഭയിൽ അവതരിപ്പിക്കുമ്പോൾ ആയിരുന്നു അമിത് ഷായുടെ ഈ പരാമർശം.
ജമ്മുകശ്മീരിൽ നിയമസഭ രൂപീകരിക്കുമ്പോൾ പാക് അധീന കശ്മീരിലെ ജനങ്ങൾക്കായി 24 സീറ്റുകൾ സംവരണം ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി. പാക് അധീന കശ്മീരിൽ നിന്നും കുടിയിറക്കപ്പെട്ടവർക്കായി സാമ്പത്തിക സഹായവും നിയമസഭയിൽ ഒരു സീറ്റ് സംവരണവും കേന്ദ്ര ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീരി കുടിയേറ്റ സമുദായ അംഗങ്ങളെ നിയമസഭയിലേക്ക് കൊണ്ടുവരാനും നയാ കശ്മീർ ബില്ലുകൾ ആവശ്യപ്പെടുന്നുണ്ട്. കുടിയേറ്റക്കാരിൽ നിന്നും ഒരു സ്ത്രീ അടക്കം രണ്ടുപേർക്ക് ആയിരിക്കും നിയമസഭയിലേക്ക് സംവരണം നൽകുക.
70 വർഷമായി കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അവരോട് നീതി പുലർത്താനാണ് ഈ ബില്ലെന്നും അമിത് ഷാ വ്യക്തമാക്കി. 1992-ൽ കശ്മീരിൽ ഉണ്ടായ സംഭവങ്ങൾക്ക് ശേഷം, കശ്മീരി പണ്ഡിറ്റുകൾക്ക് അവരുടെ വീടുകൾ ഉപേക്ഷിച്ച് സ്വന്തം രാജ്യത്ത് അഭയാർത്ഥി ജീവിതം നയിക്കേണ്ടിവന്നു. രേഖകൾ പ്രകാരം 46,631 പേരാണ് കാശ്മീരിലെ സ്വന്തം വീട് വിട്ട് ഇറങ്ങി പോകേണ്ടി വന്നത്.
2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും അമിത് ഷാ സൂചിപ്പിച്ചു. 30 വർഷത്തിനുശേഷം അവിടെ തീയേറ്ററുകളും മൾട്ടിപ്ലക്സുകളും പോലും തുറക്കുന്ന രീതിയിൽ വലിയ മാറ്റം സംഭവിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ജമ്മുവിൽ 37 സീറ്റുകളുണ്ടായിരുന്നത് 43 ആയും കശ്മീരിൽ 46 ഉണ്ടായിരുന്നത് 47 ആയും പുതിയ ബില്ലിൽ ഉയർത്തിയിട്ടുണ്ട്. ഇരു ബില്ലുകളും ലോക്സഭ പാസാക്കി.
Discussion about this post