തമിഴ്‌നാട്:മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈയിലെ ആളുകളുടെ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ നിരവധി താരങ്ങള്‍ ഉള്‍പ്പെടെ അവിടെയുള്ള പലരുടെയും ജീവിതം ദുരിതത്തിലായിരിക്കുന്ന വിഡിയോകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്‍ അശോക് സെല്‍വന്റെ ഭാര്യയും നടിയുമായ കീര്‍ത്തി പാണ്ഡ്യന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ്.
‘മൈലാപ്പൂര്‍, വിവേകാനന്ദ കോളേജിന് സമീപമുള്ള രാധാകൃഷ്ണന്‍ സാലയില്‍ വെള്ളം വൃത്തിയാക്കാന്‍ ഇത് വരെ ആരും എത്തിയിട്ടില്ല. ഇന്നലെ മുതല്‍ ഇങ്ങനെയാണ്, മിനിറ്റുകള്‍ക്കകം കൂടുതല്‍ മലിനജലം പുറത്തേക്ക് വന്ന് കലരുകയാണ്. ഇവിടെ താഴത്തെ നിലയിലെ എല്ലാ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. മൈലാപ്പൂരിന്റെ മറ്റ് ഭാഗങ്ങളിലും ഇതാണ് അവസ്ഥ. ഇതില്‍ എന്തെങ്കിലും ചെയ്യണം.2015ലെ വെള്ളപ്പൊക്കത്തില്‍ പോലും ഇവിടെ വെള്ളം കെട്ടിനിന്നിട്ടില്ല. വര്‍ഷം മുഴുവനും ഇവിടത്തെ റോഡുകള്‍ കുഴിക്കുകയും അത് പുനസ്ഥാപിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ കാരണം ഇപ്പോള്‍ വെള്ളം ഇവിടെ റോഡുകളില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് പുറത്ത് ഇറങ്ങാന്‍ പറ്റുന്നില്ല. സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്ത് ഇറങ്ങാന്‍ സാധിക്കുന്നില്ല.വെള്ളം പോലും കുടിക്കുന്നില്ല ആരും. കൂടാതെ 48 മണിക്കൂറായി ഇവിടെ വൈദ്യുതിയില്ല. ടെറസിലെ എവിടെയെങ്കിലും പോയി നിന്നാല്‍ മാത്രമാണ് നെറ്റ്വര്‍ക്ക് ലഭിക്കുന്നത്. ചെന്നൈ പോലീസ് ദയവു ചെയ്ത് ഈ പ്രദേശത്ത് എത്രയും വേഗം എന്തെങ്കിലും ചെയ്യുക’ കീര്‍ത്തി പാണ്ഡ്യന്‍ പോസ്റ്റില്‍ കുറിച്ചു.
ചെന്നൈ നഗരത്തെ വെള്ളത്തിലാഴ്ത്തിയ മഴയുടെ ദൃശ്യങ്ങളും മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്നതുമായ വിഡിയോ കഴിഞ്ഞ ദിവസം നടന്‍ റഹ്‌മാന്‍ പങ്കുവച്ചിരുന്നു.വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ നടന്‍ ആമിര്‍ ഖാനെയും വിഷ്ണു വിശാലിനെയും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം രക്ഷപെടുത്തി കൊണ്ടുവരുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കൊറിയോഗ്രാഫര്‍ കല മാസ്റ്ററും തന്റെ വീടും സമീപപ്രദേശവും വെള്ളത്തില്‍ ആണെന്നും പോസ്റ്റ് ചെയ്തിരുന്നു.
Discussion about this post