ന്യൂഡൽഹി : അസം ഒരിക്കൽ മ്യാൻമറിന്റെ ഭാഗമായിരുന്നുവെന്ന് സുപ്രീം കോടതിയിൽ അഭിഭാഷകൻ കപിൽ സിബൽ. സിബലിന്റെ പ്രസ്താവന അസം സർക്കാർ തള്ളി . ചരിത്രത്തിൽ ഒരു ഘട്ടത്തിലും അസം മ്യാൻമറിന്റെ ഭാഗമായിരുന്നില്ലെന്ന് അസം സർക്കാർ വക്താവ് പിജൂഷ് ഹസാരിക വ്യക്തമാക്കി. അസം എല്ലായ്പ്പോഴും ഭാരതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നുവെന്നും കപിൽ സിബലിന്റെ പ്രസ്താവന ശരിയല്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും വ്യക്തമാക്കി.
“ചരിത്രത്തെക്കുറിച്ച് ശരിയായി അറിവില്ലാത്തവർ അതിനെക്കുറിച്ച് സംസാരിക്കരുത്. അസം ഒരിക്കലും മ്യാൻമറിന്റെ ഭാഗമായിരുന്നില്ല. വളരെ പണ്ട് മ്യാൻമറിൽ നിന്നുള്ള ആളുകൾ വന്ന് അസം ജനതയുമായി ഏറ്റുമുട്ടി. ഒരു ചെറിയ കാലയളവിൽ, ഏതാണ്ട് ഒരു മാസത്തേക്ക് അസമിൽ അധിനിവേശം ഉണ്ടായി. എന്നാൽ പെട്ടെന്ന് തന്നെ അസം പൂർണ്ണ സ്വതന്ത്രമായി. അല്ലാതെ ചരിത്രത്തിലെവിടെയും അസം മ്യാൻമറിന്റെ ഭാഗമാണെന്ന് പറയുന്നില്ല” എന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
1955ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 6എയുടെ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികളിൽ സുപ്രീംകോടതിയിൽ വാദം നടക്കുന്നതിനിടയിലാണ് ഡിസംബർ 5 ന് കപിൽ സിബൽ അസം മ്യാൻമറിന്റെ ഭാഗമായിരുന്നു എന്ന വാദം ഉന്നയിച്ചത്.
Discussion about this post