വാഷിംഗ്ടൺ: രൂപവും ഭാവവും മാറ്റി ഫോട്ടോകളിൽ സൗന്ദര്യം വർദ്ധിപ്പിക്കും എന്ന പ്രലോഭനങ്ങളിൽ മയങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകൾ വ്യാപകമായി ഉപയോഗിച്ചവർക്കെല്ലാം ജാഗ്രതാ നിർദേശവുമായി അന്താരാഷ്ട്ര ഡേറ്റ സുരക്ഷാ ഏജൻസികൾ. ഫോട്ടോകളിൽ സ്ത്രീകളെ വിവസ്ത്രരാക്കുന്ന നിരവധി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകൾ സജീവമായി പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. ഡാർക്ക് വെബ്ബിന് പുറത്തേക്കും ഇത്തരം ചതിക്കുഴികൾ വ്യാപിക്കുകയാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ, രൂപഭാവങ്ങൾ മാറ്റുന്ന ആപ്പ് ഇന്ത്യയിൽ ഉൾപ്പെടെ സജീവമായ കാലത്ത് മാത്രം 24 മില്ല്യൺ ആളുകളാണ് സ്ത്രീകളെ വിവസ്ത്രരാക്കുന്ന വെബ് സൈറ്റുകൽ സന്ദർശിച്ചത്. സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ നിന്നടക്കം സ്ത്രീകളുടെ ചിത്രങ്ങൾ ഇത്തരം സൈറ്റുകൾ കൈക്കലാക്കി ദുരുപയോഗം ചെയ്യുന്നതയാണ് വിവരം.
അശ്ലീല വെബ് സൈറ്റുകളേക്കാൾ അധികം വരുമാനം ഇത്തരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈറ്റുകൾ നേടുന്നതായി അന്താരാഷ്ട്ര പഠന റിപ്പോർട്ടുകൾ വിശദീകരിക്കുന്നു. അധാർമ്മികമായ മാർഗ്ഗങ്ങളിലൂടെ കൈക്കലാക്കുന്ന സ്ത്രീകളുടെ ചിത്രങ്ങൾ, ലൊക്കേഷൻ സർവീസുകൾ ദുരുപയോഗം ചെയ്ത് ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് വിവസ്ത്രമാക്കി അപ്ലോഡ് ചെയ്യുന്നു.
ഇന്ത്യയിലെ പ്രമുഖ നടിമാരുടെ ഡീപ്പ് ഫേക്ക് വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ അടുത്തയിടെ വ്യാപകമായി പ്രചരിച്ചിരുന്നത് വിവാദമായിരുന്നു. ഇതിനെതിരെ ലോകവ്യാപകമായി നിയമ സംവിധാനങ്ങൾ ഉണരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ന് യൂട്യൂബിന്റെയും ഗൂഗിളിന്റെയും എക്സിന്റെയും സുരക്ഷാ മാനദണ്ഡങ്ങളെ വരെ മറികടന്ന് ഇത്തരം വെബ് സൈറ്റുകൾക്ക് തങ്ങളുടെ പരസ്യങ്ങൾ നൽകാൻ സാധിക്കുന്നുണ്ട്. ഇത്തരം സുരക്ഷിത സോഫ്റ്റ് വെയറുകളിലെ കീ വേഡ് അൽഗോരിതം അട്ടിമറിച്ചാണ് ഇവർ പരസ്യങ്ങൾ ടോപ്പ് ഫീഡിൽ നൽകുന്നത്. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും സമഗ്രമായ മാറ്റങ്ങൾ കീ വേഡ് സംവിധാനത്തിൽ കൊണ്ട് വരുമെന്നുമാണ് വിവിധ സെർച്ച് എൻജിനുകളും സാമൂഹിക മാദ്ധ്യമങ്ങളും വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമുകളും അറിയിക്കുന്നത്.
Discussion about this post