ജയ്പുർ : ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജസ്ഥാനിൽ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. എന്നാൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജസ്ഥാനിൽ പുതിയ സർക്കാരിന് മുൻപിൽ ഉള്ളത്. മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാർ വലിയ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാക്കി വെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
30,000 കോടി രൂപയുടെ വിവിധ ബില്ലുകൾ ആണ് രാജസ്ഥാൻ സർക്കാരിൽ കുടിശ്ശികയായി കെട്ടിക്കിടക്കുന്നത്. ഈ സാമ്പത്തിക വർഷം ഡിസംബർ വരെ 45,000 കോടി രൂപയാണ് രാജസ്ഥാന് വായ്പാ പരിധി അനുവദിച്ചിരുന്നത്. ആ തുക ഇതിനകം തന്നെ രാജസ്ഥാൻ സർക്കാർ ചെലവഴിക്കുകയും ചെയ്തു.
300 കോടി രൂപയുടെ ബില്ല് കുടിശ്ശികയായതിനാൽ ആശുപത്രികളിൽ മരുന്നുകൾ പോലും ലഭ്യമല്ലാത്ത അവസ്ഥയാണ് രാജസ്ഥാനിൽ ഉള്ളത്. 700 കോടി രൂപയുടെ വിള ഇൻഷുറൻസ് 2 മാസമായി വിതരണം നടത്താത്തതിനാൽ കർഷകരെയും വളരെയേറെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സാമൂഹിക പെൻഷൻ ഉപഭോക്താക്കളായ 90 ലക്ഷം പേർക്ക് രണ്ടുമാസമായി പെൻഷനും നൽകിയിട്ടില്ല. കോൺഗ്രസ് സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത കൊണ്ട് വൻ പ്രതിസന്ധിയാണ് നിലവിൽ രാജസ്ഥാൻ നേരിടുന്നത്.







