പത്തനംതിട്ട : ശബരിമലയിൽ വെർച്വൽ ക്യൂ വഴി ദർശനം നടത്താൻ കഴിയുന്നവരുടെ എണ്ണം കുറച്ചു. 90000 ത്തിൽ നിന്നും 80,000 ആക്കിയാണ് വെർച്വൽ ക്യൂ പരിധി കുറച്ചിരിക്കുന്നത്. ശബരിമലയിൽ കനത്ത തിരക്ക് അനുഭവപ്പെടുന്നതിനെ തുടർന്ന് സർക്കാർ ദേവസ്വം ബോർഡ് പ്രസിഡന്റുമായി നടത്തിയ ചർച്ചയിലാണ് വെർച്വൽ ക്യൂ പരിധി കുറയ്ക്കാനായി തീരുമാനം ഉണ്ടായത്.
ഓൺലൈൻ ബുക്കിങ്ങിൽ 10000 ത്തോളം പേരുടെ കുറവ് വരുന്നത് സന്നിധാനത്തെ തിരക്ക് കുറയ്ക്കാൻ സഹായകരമാകും എന്നാണ് സർക്കാരും ദേവസ്വം ബോർഡും കരുതുന്നത്. വെർച്വൽ ക്യൂ പരിധി കുറച്ചെങ്കിലും സ്പോട്ട് ബുക്കിംഗ് നിലവിലുള്ള അതേ രീതിയിൽ തന്നെ തുടരുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ശബരിമലയിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ദിവസേന ഒരു ലക്ഷത്തിലധികം പേർ ദർശനം നടത്തുന്നതായാണ് ദേവസ്വം ബോർഡ് സൂചിപ്പിക്കുന്നത്. ശബരിമലയിലെ നിയന്ത്രണാധീതമായ തിരക്കിനെ തുടർന്ന് പരിഹാരങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി ഇന്ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയിരുന്നു.
Discussion about this post