കൊല്ലം: നവകേരള സദസ്സിനായി ക്ഷേത്ര മൈതാനം അനുവദിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കടയ്ക്കൽ ക്ഷേത്ര മൈതാനമാണ് അനുവദിച്ചത്. മറ്റ് പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന പേരിൽ നേരത്തെ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കാവിക്കൊടി സ്ഥാപിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇത് നിലനിൽക്കെയാണ് രാഷ്ട്രീയ പരിപാടിയ്ക്കായി ക്ഷേത്ര മൈതാനി വിട്ട് നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഈ മാസം 20 ന് നടക്കുന്ന പരിപാടിയ്ക്ക് ക്ഷേത്രം മൈതാനം ഉപയോഗിക്കാനാണ് അനുമതി. ഇതിനായി വാടക ഈടാക്കുന്നുണ്ടെന്ന് ഉത്തരവിൽ പറയുന്നു. പരിപാടിയ്ക്ക് ശേഷം നോഡൽ ഓഫീസറുടെ ഉത്തരവാദിത്വത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്ത് പൂർവ്വ സ്ഥിതിയിലാക്കണം. ക്ഷേത്രത്തിന് അവിഹിതമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറാണ് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ക്ഷേത്രത്തിനുള്ളിൽ രാഷ്ട്രീയം വേണ്ടെന്ന തീരുമാനത്തിലാണ് കാവിക്കൊടി ഒഴിവാക്കുന്നത് എന്നായിരുന്നു ദേവസ്വം ബോർഡിന്റെ ന്യായീകരണം. എന്നാൽ സിപിഎമ്മിന്റെ പരിപാടിയ്ക്കായി ക്ഷേത്ര മൈതാനി വിട്ട് നൽകുന്നതിലൂടെ ദേവസ്വം ബോർഡിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.












