ന്യൂഡൽഹി: കോൺഗ്രസ് എംപി ധീരജ് സാഹുവിന്റെ ബിസിനസുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 300 കോടി രൂപയുടെ കള്ളപ്പണമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ധീരജിനെ തള്ളി കോൺഗ്രസ് എത്തിയിരുന്നു.
സാഹുവിന്റെ ബിസിനസുമായി പാർട്ടിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കണക്കിൽപ്പെടാത്ത 300 കോടിയോളം രൂപ പണം കണ്ടെടുത്ത സാഹചര്യത്തിലാണ് ഈ നിലപാട്. ആദായനികുതി അധികാരികൾ എങ്ങനെ വൻതോതിൽ പണം കണ്ടെത്തിയെന്ന് സാഹുവിന് മാത്രമേ വിശദീകരിക്കാൻ കഴിയൂവെന്ന് ജയറാം രമേശ് വ്യക്തമാക്കി. ഒഡീഷയിലും ജാർഖണ്ഡിലുമായി ധീരജ് സാഹുവുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് പണം കണ്ടെടുത്തത്.
ധീരജ് സാഹുവിന്റെ പണത്തിന്റെ ഉറവിടം ചർച്ചയാകുന്നതിടെ അദ്ദേഹത്തിന്റെ പഴയൊരു ട്വീറ്റും ഇപ്പോൾ വൈറലാവുന്നുണ്ട്. 2022 ഓഗസ്റ്റിലെ ഒരു ട്വീറ്റിൽ, നോട്ട് അസാധുവാക്കലിനു ശേഷവും രാജ്യത്ത് കള്ളപ്പണം കാണുന്നതിൽ തനിക്ക് വിഷമമുണ്ടെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. ആളുകൾക്ക് എങ്ങനെ കള്ളപ്പണം ശേഖരിക്കാനാകുമെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അഴിമതി അവസാനിപ്പിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നായിരുന്നു ട്വീറ്റ്.
അതേസമയം, വിവിധ ബാങ്കുകളിലും സ്ഥാപനങ്ങളിലും നിന്നുമുള്ള വലതും ചെറുതുമായ നാൽപതോളം നോട്ടെണ്ണൽ മെഷീനുകൾ എത്തിച്ചാണ് നോട്ടുകൾ എണ്ണുന്നത്. നോട്ടെണ്ണലിനിടെ മെഷീനുകൾ തകരാറിലായെന്നും വാർത്തയുണ്ട്. ധീരജ് സാഹു എം.പി ഒളിവിലാണ്.
Discussion about this post