നിലക്കൽ: ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിൽ പോലീസിനും വിവിധ വകുപ്പുകൾക്കും വൻവീഴ്ച. നിലയ്ക്കൽ മുതൽ സന്നിധാനം അയ്യപ്പ ഭക്തർ ദുരിതത്തിലായി. കഴിഞ്ഞ ദിവസങ്ങളിൽ 18 മണിക്കൂറോളം ക്യൂ നിന്നാണ് ഭക്തർ ദർശനം നടത്തിയത്. ഇത് പരിഹരിക്കാൻ ദേവസ്വം ബോർഡിനും പോലീസിനും ഇനിയും സാധിച്ചിട്ടില്ല. ക്യൂ കോംപ്ലക്സിലടക്കം കുടിവെള്ളം പോലും ലഭിക്കാതെ ഭക്തർ ദുരിതത്തിലാണ്. മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന ഭക്തരിൽ പലരും ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങുകയും ചെയ്യുന്നുണ്ട്.
തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിയുള്ള ദർശനം 90,000 ആയിരുന്നത് 80,000 ആക്കി കുറച്ചിട്ടുണ്ട്. എങ്കിലും ക്രമീകരണങ്ങൾ പാളിയത് മൂലം അതും ഫലം കണ്ടില്ല. മുൻ വർഷങ്ങളിൽ നട അടച്ചിരുന്ന സമയങ്ങളിലും ഭക്തരെ പതിനെട്ടാം പടി ചവിട്ടാൻ അനുവദിച്ചിരുന്നു. ഇവർ വടക്കേ നടയിൽ കാത്തുനിന്ന് സന്നിദാനത്തെത്തി ദർശനം നടത്തിയിരുന്നു. ഇതും ഇപ്പോൾ നടക്കുന്നില്ല. കൂടാതെ മണിക്കൂറിൽ 5000 മുതൽ 5700 വരെ തീർത്ഥാടകർക്ക് പോലീസിന്റെ സഹായത്തോടെ പതിനെട്ടാംപടി ചവിട്ടാൻ കഴിയും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 3500 ഓളം പേർ മാത്രമാണ് പടി ചവിട്ടിയത്. കൂടുതൽപേരെ കയറ്റിവിടാൻ പോലീസും ദേവസ്വം ബോർഡും ഇതുവരെ തയ്യാറായിട്ടില്ല.
ഇതിനിടയിൽ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി ബസുകൾ പമ്പയിൽ പിടിച്ചിട്ടതോടെയാണ് നിലക്കലിൽ തീർത്ഥാടകർ പ്രതിസന്ധിയിലായത്. കെഎസ്ആർടിസി സർവീസ് നിയന്ത്രിച്ചതോടെ നിലക്കലിലും ഭക്തർ കുടുങ്ങി കിടക്കുകയാണ്. ഇവിടെയും വിരിവെക്കുന്നതിനുള്ള സൗകര്യങ്ങളും ശൗചാലയങ്ങളും കുടിവെള്ളവും ഒരുക്കുന്നതില്‍ അധികൃതര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതിനാൽ ഭക്തർ വലയുകയാണ്.
നിലക്കലിലെ അശാസ്ത്രീയ ഗതാഗത നിയന്ത്രണങ്ങൾ മൂലം പത്തനംതിട്ട- പമ്പാ പാതയിലും കോട്ടയം – പമ്പാ പാതയിലും ഗതാഗത കുരുക്ക് രൂക്ഷമാണ്. കോട്ടയം റൂട്ടില്‍ കണമല മുതല്‍ എലവുങ്കല്‍ വരെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. പത്തനംതിട്ട പാതയിലും വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഇടത്താവളങ്ങള്‍ പലതും നിറഞ്ഞ നിലയിലാണ്. പത്തനംതിട്ടയിൽ നിന്ന് വാഹനങ്ങൾ കടത്തിവിടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post