എറണാകുളം : അങ്കമാലി അതിരൂപതയിലെ ഏകീകൃതകുർബാന വിഷയത്തിൽ നിലപാട് കടുപ്പിച്ച് സീറോ മലബാർ സഭ. സിനഡ് നിർദ്ദേശിച്ച രീതിയിലുള്ള ഏകീകൃത കുർബാന ഡിസംബർ 25 മുതൽ നടപ്പിലാക്കണമെന്ന് സീറോ മലബാർ സഭ നേതൃത്വം അറിയിച്ചു. സഭയിൽ തുടരണമെന്ന് ആഗ്രഹമുള്ളവർ എല്ലാം തന്നെ തീരുമാനം അംഗീകരിച്ചേ പറ്റൂ എന്നും സഭ വ്യക്തമാക്കി.
ഏകീകൃതകുർബാനയിൽ തീരുമാനമെടുത്തത് സഭാ തലവനായ മാർപാപ്പയാണ്. മാർപാപ്പയുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ കഴിയുന്നവർ മാത്രം സഭയിൽ ഉണ്ടായാൽ മതിയെന്നും സഭാ നേതൃത്വം വ്യക്തമാക്കി. മാർപ്പാപ്പയെ സഭാ നേതൃത്വം തെറ്റിദ്ധരിപ്പിച്ചതാണെന്ന വിമതവിഭാഗത്തിന്റെ ആരോപണത്തെ തുടർന്നാണ് സഭാ നേതൃത്വം നിലപാട് കടിപ്പിച്ചിരിക്കുന്നത്.
വിശേഷദിവസങ്ങളിൽ മാത്രം ഏകീകൃതകുർബാന മതി എന്നാണ് വിമത വിഭാഗത്തിന്റെ അഭിപ്രായം. സാധാരണ ദിവസങ്ങളിൽ ജനാഭിമുഖ കുർബാന നടത്തണമെന്നും വിമതവിഭാഗം ആവശ്യപ്പെട്ടു. എന്നാൽ മാർപാപ്പ പറഞ്ഞിരിക്കുന്നത് വിശേഷ ദിവസങ്ങളിൽ എന്നല്ല ഡിസംബർ 25 മുതൽ ഏകീകൃതകുർബാന നടത്തണം എന്നാണെന്ന് സീറോ മലബാർ സഭ വ്യക്തമാക്കി. ഏകീകൃത കുർബാനയിൽ എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നൽകാനാകില്ലെന്ന് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷബ് ബോസ്കോ പുത്തൂരും അഭിപ്രായപ്പെട്ടു.
Discussion about this post