നമ്മുടെ ശരീരത്തിലെ രക്തചംക്രമണ സംവിധാനമാണ് ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും പോഷകങ്ങളും ഓക്സിജനും നൽകുന്നത് . ഹൃദയവും ശരീരത്തിലൂടെ കടന്നുപോകുന്ന രക്തക്കുഴലുകളും ഉൾക്കൊള്ളുന്നതാണ് ഈ രക്തചംക്രമണ സംവിധാനം. ധമനികൾ ഹൃദയത്തിൽ നിന്ന് രക്തം കൊണ്ടുപോകുന്നു; സിരകൾ അതിനെ ഹൃദയത്തിലേക്ക് തിരികെ കൊണ്ടുപോകുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന രക്തചംക്രമണം സുഗമമായി നടന്നില്ലെങ്കിൽ ശരീരം പലവിധത്തിലുള്ള പ്രശ്നങ്ങൾ കാണിക്കുന്നതാണ്.
രക്തചംക്രമണം ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതിരിക്കുകയും അവ ശരിയായി പ്രവർത്തിക്കാതെ ആവുകയും ചെയ്യുന്നു. 40 വയസ്സിനു മുകളിൽ പ്രായമുള്ളവരും അമിതഭാരമുള്ളവരും പ്രമേഹമുള്ളവരും വ്യായാമം ചെയ്യാത്തവരുമായ ആളുകൾക്ക് രക്തചംക്രമണം മോശമാകാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണകാര്യത്തിൽ അല്പം കരുതലുകൾ എടുക്കുന്നതും ആവശ്യത്തിന് വ്യായാമം ചെയ്യുന്നതും രക്തചംക്രമണം സുഗമമാക്കാൻ സഹായിക്കുന്നു. ഇത്തരത്തിൽ മികച്ച രക്തചംക്രമണത്തിനായി നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണ വസ്തുക്കൾ ഉണ്ട്. അവ ഏതാണെന്ന് നോക്കാം.
ചുവന്ന മുളക്
ചുവന്ന മുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്. ചുവന്ന മുളകില്‍ അടങ്ങിയിട്ടുള്ള കാപ്‌സൈസിൻ എന്ന സംയുക്തം ധമനികൾ നന്നായി പ്രവർത്തിക്കാൻ സഹായിക്കും. രക്തക്കുഴലുകളിലെ പേശികളെ വിശ്രമിക്കാനും ഇത് സഹായിക്കും, അതിനാൽ രക്തം എളുപ്പത്തിൽ ഒഴുകും. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ചുവന്ന മുളക് സഹായിക്കുന്നതാണ്.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ ധാരാളം അടങ്ങിയിട്ടുള്ള നൈട്രേറ്റ് നിങ്ങളുടെ ശരീരത്തിന് നൈട്രിക് ഓക്സൈഡായി പരിവർത്തനം ചെയ്യാൻ കഴിയുന്നതാണ്. നൈട്രിക് ഓക്സൈഡ് നിങ്ങളുടെ രക്തക്കുഴലുകളെ സ്വാഭാവികമായി അയവുള്ളതാക്കാനും ടിഷ്യൂകളിലേക്കും അവയവങ്ങളിലേക്കും രക്തപ്രവാഹം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മാതളനാരങ്ങ
മാതളനാരങ്ങ ആന്റിഓക്‌സിഡന്റുകളും നൈട്രേറ്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഫലമാണ്. ഇത് രക്തചംക്രമണം വർദ്ധിപ്പിക്കും. അവ നിങ്ങളുടെ രക്തക്കുഴലുകളെ വിശാലമാക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. അതുവഴി നിങ്ങളുടെ പേശികളിലേക്കും മറ്റ് ടിഷ്യുകളിലേക്കും കൂടുതൽ ഓക്സിജനും പോഷകങ്ങളും വിതരണം ചെയ്യപ്പെടുന്നു.
വെളുത്തുള്ളി
വെളുത്തുള്ളിയിൽ അലിസിൻ എന്ന സൾഫർ സംയുക്തം അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി ദിവസേന കഴിക്കുന്നവരിൽ രക്തപ്രവാഹം കൂടുതൽ കാര്യക്ഷമമായി നടക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട് . അതിനർത്ഥം ശരീരത്തിലുടനീളം രക്തചംക്രമണം സുഗമമായി നടത്താൻ ഹൃദയം കഠിനമായി പ്രവർത്തിക്കേണ്ടതില്ല എന്നാണ്. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
മഞ്ഞൾ
മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തം നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് നിങ്ങളുടെ രക്തക്കുഴലുകൾ വിശാലമാക്കാൻ സഹായിക്കും. അതുവഴി നിങ്ങളുടെ പേശികളിലേക്കും മറ്റ് ടിഷ്യുകളിലേക്കും രക്തം ഒഴുകുന്നതും എളുപ്പമാക്കുന്നു.
Discussion about this post