ന്യൂഡൽഹി : ജമ്മു കശ്മീർ സംവരണ (ഭേദഗതി) ബിൽ 2023, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2023 എന്നിവ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് സുപ്രീം കോടതി വിധിച്ച അതേ ദിവസം തന്നെയാണ് ‘നയാ കശ്മീർ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ബില്ലുകൾ രാജ്യസഭ പാസാക്കുന്നതും.
ഡിസംബർ ആറിന് ആയിരുന്നു ലോകസഭയിൽ ‘നയാ കശ്മീർ’ ബില്ലുകൾ കേന്ദ്രസർക്കാർ പാസാക്കിയിരുന്നത്. രാജ്യസഭാ ബില്ലുകൾ പാസാക്കുന്ന വേളയിൽ പതിവുപോലെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. കോൺഗ്രസിനെ പറഞ്ഞു മനസ്സിലാക്കാൻ സുപ്രീംകോടതിക്ക് പോലും കഴിയില്ല എന്ന് പ്രതിപക്ഷത്തിന്റെ ഇറങ്ങിപോക്കിനെ പരാമർശിച്ച് അമിത് ഷാ വ്യക്തമാക്കി.
ജവഹർലാൽ നെഹ്റുവിന്റെ അകാല വെടിനിർത്തൽ ഉണ്ടായിരുന്നില്ലെങ്കിൽ പാക് അധിനിവേശ കാശ്മീർ എന്ന ഒരു സംഭവം തന്നെ ഉണ്ടാവില്ലായിരുന്നു എന്ന് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്ന വേളയിൽ അമിത് ഷാ സൂചിപ്പിച്ചു. പട്ടികജാതി, പട്ടികവർഗ, മറ്റ് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ അംഗങ്ങൾക്ക് തൊഴിൽ സംവരണവും പ്രൊഫഷണൽ സ്ഥാപനങ്ങളിൽ പ്രവേശനവും നയാ കശ്മീർ ബില്ലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post