ന്യൂഡൽഹി: കോൺഗ്രസ് എം പി യായ ധീരജ് സാഹുവിന്റെ ഒഡീഷയിലെ ഡിസ്റ്റിലറികളിൽ നടത്തിയ റെയ്ഡിൽ ആദായനികുതി വകുപ്പ് 350 കോടി രൂപയുടെ കള്ളപ്പണവും 3 കിലോയോളം സ്വർണാഭരണങ്ങളും പിടിച്ചെടുത്തതിന് പിന്നാലെ ചൊവ്വാഴ്ച കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
70 വർഷമായി നടത്തുന്നതും ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നതുമായ കോൺഗ്രസ് പാർട്ടിയുടെ ഐതിഹാസികമായ കൊള്ളയടിയുള്ളപ്പോൾ ഇന്ത്യക്കാർക്ക് എന്തിനാണ് മണി ഹീസ്റ്റ് പോലെയുള്ള കവർച്ചാ സീരിയലുകൾ കാണേണ്ട ആവശ്യം ? ബി ജെ പി ഐ ടി സെൽ പുറത്ത് വിട്ട ഒരു വീഡിയോ പങ്കുവെച്ചു കൊണ്ട് പ്രധാനമന്ത്രി ചോദിച്ചു.
അലെക്സ് പിന സംവിധാനം ചെയ്ത ഒരു സ്പാനിഷ് മോഷണ ക്രൈം ഡ്രാമ ടെലിവിഷൻ പരമ്പരയാണ് “മണി ഹീസ്റ്റ്”. പ്രൊഫെസ്സർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളുടെ നേതൃത്വത്തിലുള്ള ദീർഘകാലമായി തയ്യാറാക്കിയ രണ്ട് കവർച്ചകളാണ് ഈ പരമ്പരയിൽ കാണിക്കുന്നത് . ഒന്ന് സ്പെയിനിലെ റോയൽ മിന്റിലും ഒന്ന് ബാങ്ക് ഓഫ് സ്പെയിനിലും, കൊള്ളക്കാരിൽ ഒരാളുടെ വീക്ഷണകോണിൽ നിന്നാണ് കഥ പറഞ്ഞു പോകുന്നത്
ഒഡീഷ ആസ്ഥാനമായുള്ള ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നടത്തിയ റെയ്ഡിനിടെ ആദായനികുതി വകുപ്പ് 353 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെ കോൺഗ്രസിനെതിരെ ആഞ്ഞടിക്കുന്ന വീഡിയോ ബിജെപി നേരത്തെ പുറത്തുവിട്ടിരുന്നു. കോൺഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവുമായി കമ്പനിക്ക് ബന്ധമുണ്ടെന്നാണ് സൂചന. കോൺഗ്രസിന്റെ പണം കൊള്ളയടിക്കലാണെന്ന് വിശേഷിപ്പിച്ചാണ് ബിജെപി വീഡിയോ പങ്കുവെച്ചത്.
ഒഡീഷയിലെയും ജാർഖണ്ഡിലെയും 25 സ്ഥലങ്ങളിൽ ഡിസംബർ ആറിനാണ് തിരച്ചിൽ ആരംഭിച്ചത്. 176 ബാഗുകളുടെ നോട്ടെണ്ണൽ പൂർത്തിയായി, ഐ-ടി വകുപ്പ് ലഭിച്ച തുക സർക്കാർ ട്രഷറിയിൽ നിക്ഷേപിച്ചു.
Discussion about this post