ജമ്മു കശ്മീരിൽ ഭീകരവാദത്തിന്റെ വേരറുക്കാൻ നിർണ്ണായക നീക്കവുമായി ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. പാക് ബന്ധമുള്ള ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ച അഞ്ച് സർക്കാർ ജീവനക്കാരെ കൂടി സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ലഷ്കർ-ഇ-തൊയ്ബ (LeT), ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര ഗ്രൂപ്പുകൾക്കായി ചാരപ്പണി നടത്തുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്തതിനാണ് നടപടി. ജമ്മു കശ്മീരിലെ സർക്കാർ സംവിധാനങ്ങൾക്കുള്ളിൽ നുഴഞ്ഞുകയറിയ ‘ഭീകര ഇക്കോസിസ്റ്റത്തെ’ തൂത്തെറിയാൻ ലക്ഷ്യമിട്ടുള്ള ശുദ്ധീകരണ പ്രക്രിയയായണ് ഇത് കണക്കാക്കുന്നത്.
ഭരണഘടനയുടെ അനുച്ഛേദം 311(2)(സി) പ്രകാരമാണ് ഈ നടപടി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ഔദ്യോഗിക അന്വേഷണം കൂടാതെ തന്നെ ഇവരെ പുറത്താക്കാൻ ഈ വകുപ്പ് അധികാരം നൽകുന്നു.
മുഹമ്മദ് ഇഷ്ഫാഖ് (അധ്യാപകൻ): പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഭീകരൻ അബു ഖുബൈബുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു. 2022-ൽ ഡോഡയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ലഷ്കർ ഇയാളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
താരിഖ് അഹമ്മദ് ഷാ (ലാബ് ടെക്നീഷ്യൻ): ചെറുപ്പം മുതലേ ഹിസ്ബുൾ മുജാഹിദീന്റെ സ്വാധീനവലയത്തിലായിരുന്ന ഇയാൾ, ഭീകരർക്ക് പാകിസ്ഥാനിലേക്ക് കടക്കാൻ സഹായം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി.
ബഷീർ അഹമ്മദ് മിർ (അസിസ്റ്റന്റ് ലൈൻമാൻ): ബന്ദിപ്പോര മേഖലയിൽ ലഷ്കർ-ഇ-തൊയ്ബയുടെ ഓവർ ഗ്രൗണ്ട് വർക്കറായി (OGW) പ്രവർത്തിച്ചു വരികയായിരുന്നു.
ഫാറൂഖ് അഹമ്മദ് ഭട്ട് (ഫോറസ്റ്റ് ഫീൽഡ് വർക്കർ): ഹിസ്ബുൾ മുജാഹിദീന്റെ സജീവ പ്രവർത്തകനായിരുന്നു ഇയാൾ.
മുഹമ്മദ് യൂസഫ് (ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഡ്രൈവർ): പാകിസ്ഥാനിലുള്ള ഹിസ്ബുൾ ഭീകരൻ ബഷീർ അഹമ്മദ് ഭട്ടുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു.
സർക്കാർ ശമ്പളം പറ്റി ഭാരതത്തിന്റെ ശത്രുക്കൾക്ക് വേണ്ടി പണിയെടുക്കുന്നവരെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന പാക് അനുകൂല ശക്തികളുടെ നെറ്റ്വർക്ക് തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പോലീസ് ഉദ്യോഗസ്ഥരെ വധിക്കാനും സുരക്ഷാ നീക്കങ്ങൾ ചോർത്തി നൽകാനും സർക്കാർ ജീവനക്കാരെ ഭീകരർ ഉപയോഗിക്കുന്നു എന്നത് അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഇനിയും നിരീക്ഷണത്തിലുള്ള നിരവധി പേർ വരും ദിവസങ്ങളിൽ പുറത്താക്കപ്പെട്ടേക്കാം എന്നാണ് സൂചന.













Discussion about this post