അതിർത്തിയിൽ കടന്നുകയറ്റത്തിന് ശ്രമിക്കുന്ന ചൈനയ്ക്കും പാകിസ്താനും എതിരെ ആഞ്ഞടിച്ച് ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത. ഷക്‌സ്ഗാം താഴ്‌വരയിലെ ചൈനീസ് നിർമ്മാണങ്ങൾ ഉടൻ നിർത്തണമെന്നും ഈ പ്രദേശം ഭാരതത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
1963-ലെ വിവാദപരമായ കരാറിലൂടെ പാകിസ്താൻ അനധികൃതമായി കൈവശം വെച്ചിരുന്ന 5,180 ചതുരശ്ര കിലോമീറ്റർ വരുന്ന ഇന്ത്യയുടെ ഭൂമിയാണ് ചൈനയ്ക്ക് കൈമാറിയത്. പാകിസ്താൻ പണത്തിന് വേണ്ടി സ്വന്തം അഭിമാനം വിൽക്കുന്ന രാജ്യമാണെന്ന് ഗുപ്ത പരിഹസിച്ചു. കുറച്ച് പണത്തിന് വേണ്ടി ഭാരതത്തിന്റെ മണ്ണ് ചൈനയ്ക്ക് വിട്ടുകൊടുക്കുന്ന പാക് നടപടിക്ക് ഇന്ത്യ തക്കതായ മറുപടി നൽകും. പാക് അധീന കശ്മീരിലെ (PoK) ജനങ്ങൾ ഭാരതത്തിനൊപ്പം ചേരാൻ ആഗ്രഹിക്കുകയാണ്. പാകിസ്താൻ വൈകാതെ തന്നെ സ്വയം തകരുമെന്നും ആ ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഷക്‌സ്ഗാം താഴ്‌വരയിൽ ചൈന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെതിരെ വിദേശകാര്യ മന്ത്രാലയം ഇതിനകം ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.കശ്മീർ മുഴുവൻ ഭാരതത്തിന്റേതാണെന്ന 1994-ലെ പാർലമെന്റ് പ്രമേയം അദ്ദേഹം ഓർമ്മിപ്പിച്ചു. പാകിസ്താനെ പരിഗണിക്കാതെ തന്നെ സ്വന്തം നിലയ്ക്ക് നടപടിയെടുക്കാൻ ഭാരതത്തിന് അറിയാമെന്നും ഗുപ്ത കൂട്ടിച്ചേർത്തു.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. വിദേശത്ത് പോയി ഭാരതത്തിനെതിരെ കുപ്രചരണം നടത്തുന്നവർ ദേശീയ താല്പര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് കോൺഗ്രസിനെ ലക്ഷ്യം വെച്ച് അദ്ദേഹം പറഞ്ഞു.












Discussion about this post