ചോദ്യം: നമസ്കാരം സ്വാമിജി, നാം നേരിടുന്ന ഒരു പ്രധാന സാമൂഹ്യ പ്രശ്നം കേരളത്തിലെ ഹിന്ദു സമാജത്തിലെ അവിവാഹിതരായിട്ടുള്ള കുട്ടികൾ, യുവാക്കളുടെ എണ്ണം വർദ്ധിച്ചു വരികയാണ് എന്നതാണ്. അതിൽ ഈ ജാതകത്തിന്റെ ഒരു പ്രശ്നമുണ്ട്. നമ്മുടെ പെൺകുട്ടികളും വിവാഹം വേണ്ട എന്ന രീതിയിൽ മാറി ചിന്തിച്ചു ജീവിക്കുന്നു. ലിവിങ് ടുഗതർ എന്ന കാഴ്ചപ്പാട് നമ്മുടെ ഇടയിൽ വർദ്ധിച്ചു വരുന്നു. ഈ സാമൂഹ്യ പ്രശ്നത്തിന് അങ്ങ് എന്ത് പ്രായോഗിക പരിഹാരമാണ് നിർദ്ദേശിക്കാനുള്ളത്?
സ്വാമിജി; ആദ്യം പറഞ്ഞതിൽ ജാതകത്തിന്റെ പ്രശ്നമല്ല, നമ്മുടെ പ്രശ്നമാണ്. ഒരു ഗുരുനാഥന്റെ അരികെ ജ്യോതിഷം ശാസ്ത്രീയമായി പഠിച്ച്, ഗുരുനാഥന്റെ കൂടെ വസിച്ച്, അതിന്റെ സമ്പ്രദായ ശുദ്ധിയോടു കൂടി ജ്യോതിഷം പഠിച്ച ഒരു ആചാര്യന്റെ അടുത്ത് നിങ്ങൾ പോയോ? അയാൾ നിങ്ങളെ വഴി തെറ്റിക്കില്ല ഉറപ്പ്.
എന്നാൽ മുക്കിന് മുക്കിന് കഷ്ണം മുറിയും വക്കും മൂലയും പഠിച്ചിട്ടുള്ള ആൾക്കാർ ബോർഡ് വെച്ച് ഇരിക്കുന്നുണ്ട്, ആസ്ട്രോളജർ, ജോത്സ്യർ എന്നും പറഞ്ഞു കൊണ്ട്. അങ്ങനെയുള്ളവരുടെ കൂടെ പോയി പെട്ടു കഴിഞ്ഞാൽ ഞായർദോഷം, തിങ്കൾ ദോഷം, ചൊവ്വാദോഷം, ബുധൻ ദോഷം, വ്യാഴം ദോഷം, വെള്ളിദോഷം, ശനിദോഷം, ശുദ്ധജാതകം, അശുദ്ധ ജാതകം ഈ ജാതി വിഡ്ഢിത്തങ്ങൾ പറഞ്ഞിട്ട് നമ്മുടെ മക്കളുടെ കല്യാണം നടക്കാണ്ടാകും. അതുകൊണ്ട് അതിൻറെ പിന്നാലെ പോകാതിരിക്കുക അതാണ് ആദ്യം പറയാനുള്ളത്.
അല്ല ജ്യോതിഷത്തിന് അനുസരിച്ച് പോണോ? വളരെ ചുരുക്കം, ആയിരക്കണക്കിൽ ഒരാൾ എന്ന തോതിൽ പ്രഗൽഭന്മാരായ ജ്യോതിഷികൾ ഉണ്ട്. അങ്ങനെയുള്ളവരുടെ അടുത്ത് പോയാൽ അവർ വഴിതെറ്റിക്കില്ല ഉറപ്പാണ്.
ഇന്ന ദോഷമുണ്ട് അതിന് ഇന്ന പരിഹാരം ഉണ്ട് എന്ന് അവർ പറഞ്ഞുതരും. പിന്നെ എവിടെ ചെന്നു കഴിഞ്ഞാലും വരുന്ന ഒരു ചോദ്യമാണ് കല്യാണം നടക്കുന്നില്ല. എന്നത്. ഒരിക്കൽ ഒരു ചെറുപ്പക്കാരൻ പറഞ്ഞു . ഞാൻ 420 പെണ്ണ് കാണാൻ പോയി സ്വാമീ. ഞാൻ പറഞ്ഞു നാളെ ഒന്നുകൂടെയായി 421 പോകൂ, നിന്റെ തൊഴിൽ ഇതാവട്ടെ എന്ന്. ഫ്രീ ചായകുടി.
ഇവിടെ പറയാനുള്ളത് അടിസ്ഥാനപരമായിട്ട് നല്ലപോലെ പണം സമ്പാദിക്കുക. രണ്ട്, നല്ല വ്യായാമം ചെയ്ത് ആരോഗ്യമുള്ള ദേഹം ഉണ്ടാവുക. മൂന്ന്, നല്ല ഉപാസന ചെയ്ത് ആന്തരിക ബലം ഉണ്ടാവുക. അങ്ങനെയായാൽ ആരും പെണ്ണ് കിട്ടിയില്ല എന്നല്ല പറയുക, പെണ്ണ് പിന്നാലെ വരും.
നമ്മുടെ ചെറുപ്പകാരുടെയിടയിൽ ഇതൊന്നുമില്ല . പലരേയും ഒന്നിനും കൊള്ളില്ല. കാരണം ഒരു ദിവസം പണിക്ക് പോയാൽ പിന്നെ കിട്ടുന്ന പൈസ കൊണ്ട് ഒൻപത് ദിവസം മൊബൈൽ ചാർജ് ചെയ്തു വെള്ളവും പുകയായി -ഡ്രഗ്സും ആയി ഇങ്ങനെ ഇരിക്കും. ഒരു ദിവസം പണിയെടുത്താൽ കിട്ടുന്ന കൂലി മതി 10 ദിവസത്തേക്ക്. അങ്ങനെ പണിക്ക് പോകില്ല.
വിദ്യാഭ്യാസപരമായും മുന്നോട്ടില്ല,. ഉപാസനയുമില്ല. എന്നാ വല്ല ജിമ്മിലൊക്കെ പോയിട്ട് ശരീരം നന്നാക്കുമോ? അതുമില്ല. പിന്നെ എങ്ങനെയാണ് പെണ്ണിനെ കിട്ടുക? കേരളത്തെ സംബന്ധിച്ച് ആയിരം പുരുഷന് 1080 സ്ത്രീ ഉണ്ട്. പിന്നെ എന്തുകൊണ്ടാണ് ആൺകുട്ടികൾക്ക് പെണ്ണ് കിട്ടില്ല എന്ന് പറയുന്നത് എന്ന് എനിക്ക് മനസ്സിലാവില്ല.
നിങ്ങൾക്ക് ഒരു സംഭവം പറഞ്ഞു തരാം. നമ്മൾ ഇപ്പോൾ ഇരിക്കുന്ന ഈ ഹോളിൽ.എല്ലാ വർഷവും നമ്മൾ പ്രഭാഷണത്തിന് വരാറുണ്ട്. ഇപ്പോഴും ഓർമ്മയുണ്ട് … 2013ൽ ഇവിടെ 54 ദിവസത്തെ ഉപനിഷത് വിചാരയജ്ഞം ഉണ്ടായിരുന്നു. 54 ദിവസം. അന്ന് ഇവിടെ തന്നെയായിരുന്നു 54 ദിവസം താമസവും. ആ താമസിക്കുന്ന അവസരത്തിൽ ഒരു ദിവസം ഒരു 26 വയസ്സുള്ള ഒരു പെൺകുട്ടി വന്നു റൂമിൽ.
സ്വാമിജിയോട് കുറച്ച് രഹസ്യമായി സംസാരിക്കാൻ വന്നതാണ് എന്ന് പറഞ്ഞു. അവൾ പറഞ്ഞു . സ്വാമീ 26 വയസ്സായി, ഒരുപാട് കല്യാണാലോചനകൾ വന്നു ഒന്നും നടന്നില്ല അപ്പോ എന്നോട് ചിലർ പറഞ്ഞുതന്നു 21 ആഴ്ചകളിലും ഒരാഴ്ചയിൽ ഒരു പ്രാവശ്യം ഒരു പള്ളിയിൽ പോയി പ്രാർത്ഥിച്ചാൽ കല്യാണം നടക്കും എന്ന്. അങ്ങനെ അങ്ങനെ ഞാൻ ആറെണ്ണം ചെയ്തു, ഇന്ന് ഏഴാമത് പോണ്ട ദിവസമാണ്.
ഇന്ന് ഞാൻ പോണ സമയത്ത് എന്റെ ഒരു കൂട്ടുകാരി എന്നെ കണ്ടു, അവൾ പറഞ്ഞു ഇങ്ങനെ ടിഡിഎം ഹാളിൽ ചിദാനന്ദപുരി സ്വാമി ഉണ്ട് ഒന്ന് പോയി കണ്ടേക്ക് എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ വന്നത്.
ഞാൻ പറഞ്ഞു മോളെ ഇനിയിപ്പോ ഇനിയും നിനക്ക് 14 ആഴ്ച പോവെണ്ടേ? അതെ, അങ്ങനെ പതിനാല് ആഴ്ച നീ കളയണ്ട. നീ ഒരൊറ്റ പ്രാവശ്യം തിരുമാന്ധാം കുന്നിൽ പോകാൻ തയ്യാറുണ്ടോ? ഒറ്റ പ്രാവശ്യം അവിടെ പോയിട്ട് ഒരു സ്വയംവര പുഷ്പാഞ്ജലി കഴിക്കു. എന്നിട്ട് അടുത്ത മാസവും പിറ്റത്തെ മാസവും കഴിയുമെങ്കിൽ ചെയ്യുക.. നിങ്ങൾ ആരെങ്കിലും ഞാന് തിരുമാന്ധാംകുന്നിന്റെ ഏജന്റ് ആണ് എന്ന് വിചാരിക്കണ്ട. ഞാനുമായിട്ട് ഒരു ബന്ധവുമില്ല, പ്രത്യേകിച്ച് ദേവസ്വം ബോർഡ് നടത്തണ ആ സ്ഥാപനത്തിന് പൈസ ഉണ്ടാക്കി കൊടുക്കണം എന്നുള്ള ആഗ്രഹവും എനിക്കില്ല. പക്ഷേ വിശ്വാസം ആ കുട്ടിയിൽ ഉറപ്പിക്കണം .അതിനുവേണ്ടിയിട്ടാണ് ഞാനത് പറഞ്ഞത് .
ഒന്നാമത് ഈ കാര്യത്തിൽ എനിക്ക് പറയാൻ അധികാരമേ ഇല്ല, എന്താ കാരണം ? എനിക്ക് അനുഭവമില്ല, എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. പിന്നെ എനിക്ക് അനുഭവം ഇല്ലാതെ പറഞ്ഞു കൊടുക്കാൻ പറ്റുമോ? (ചിരിക്കുന്നു) പക്ഷെ തൽക്കാലം അതല്ലാണ്ട് എനിക്ക് അപ്പോ ആ സമയത്ത് വായിൽ വന്നത് അതാണ്. അങ്ങനെ ഈ കുട്ടി ചെയ്യാം എന്ന് പറഞ്ഞു.
നിങ്ങൾ അത്ഭുതപ്പെടും, കാനഡയിൽ ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറും ആയി ആ കുട്ടിയുടെ വിവാഹം ഒരാഴ്ചക്കുള്ളിൽ നിശ്ചയിക്കപ്പെട്ടു. ഈ പയ്യൻ കല്യാണം ആലോചിച്ചിട്ട് കുറച്ചു കാലായി. അപ്പോ അയാളുടെ അച്ഛന് കുറച്ചു രോഗം അധികാണ്. അച്ഛന്റെ ആഗ്രഹം താൻ രോഗം അധികമായി മരിച്ചുപോകും മുൻപ് പെട്ടെന്ന് മകന്റെ കല്യാണം കഴിഞ്ഞു കാണണം. വലിയൊരു കുടുംബം, സമ്പന്നമായ കുടുംബം. ഈ മകന് അച്ഛൻ പറയുന്നതിന് അപ്പുറം ഇല്ല. മകൻ പറഞ്ഞു അച്ഛൻ തീരുമാനിച്ചോളൂ ഞാൻ കഴിച്ചോളാം. അങ്ങനെ ഈ കുട്ടിയുടെ കല്യാണം ഒരാഴ്ചക്കുള്ളിൽ നിശ്ചയിക്കപ്പെട്ടു.
ഇത് കഥ പറയാണ് എന്ന് വിചാരിക്കരുത്, ഇവിടെ പ്രഭാഷണം തീരുന്നതിനു മുൻപ് ആ കുട്ടി വന്നു പറഞ്ഞു, സ്വാമീ കല്യാണം ഒക്കെ സെറ്റായി . ഞാൻ പറഞ്ഞു , എടീ നീ രണ്ടു കാര്യം മറക്കരുത്, ഒന്ന് എനിക്കൊരു കമ്മീഷൻ തരണം (തമാശക്ക് പറഞ്ഞതാണ്. )
രണ്ട്, പൂജ ബുക്ക് ചെയ്യാൻ മറക്കരുത്, കാരണം മൂന്നെണ്ണം ചെയ്യാമെന്ന് ആദ്യമേ തന്നെ വാക്കുകൊടുത്തതാണ് . ചെയ്യാമെന്ന് ആ കുട്ടി വാക്ക് പറഞ്ഞു. എന്തായാലും ആ കുട്ടി അന്ന് പോയതിൽ പിന്നെ ബന്ധപ്പെട്ടിട്ടൊന്നുമില്ല. എന്തായാലും ആ കുട്ടിയുടെ കല്യാണം കഴിഞ്ഞു എന്ന് ഉറപ്പ്. ഇതുപോലെ ഉറപ്പിച്ചു പറയാൻ നമുക്ക് കഴിയണം.
നമ്മൾ എന്തിനൊക്കെ പൈസ ചിലവാക്കുന്നുണ്ട് ?ഒരുപത്തോ അഞ്ഞൂറോ ഉറുപ്പിക ഒരു കൊല്ലം ചെലവാക്കാൻ തയ്യാറുണ്ടോ? ഉദ്ധിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന് പറഞ്ഞിട്ട് ഒരു പരസ്യം കൊടുക്കുക, എന്താ പ്രശ്നം? വെറുതേ കൊടുത്താൽ മതി സമാജത്തിൽ അത് വ്യാപിക്കും. നിങ്ങളുടെ ഹിന്ദു ദേവതകൾക്ക് എന്ത് ശക്തി എന്ന് ചോദിക്കുന്നവരുണ്ട്, ശക്തി ഉണ്ട് എന്ന് കാണിച്ചു കൊടുക്കുക. നമുക്കറിയാം ശക്തിയുണ്ട് എന്ന്. പക്ഷെ അങ്ങനെ അറിഞ്ഞുകൊണ്ട് കാര്യമില്ലല്ലോ . സമാജത്തെ അറിയിക്കണല്ലോ.
അതുകൊണ്ട് ആ വിവാഹം കഴിയാതെ നില്ക്കുന്നവരോട് ഒന്ന് പറഞ്ഞു കൊടുക്കുക, എന്തെങ്കിലും ഉപാസന ചെയ്ത് ബലം ആർജ്ജിക്കുക. നല്ലണം പണിയെടുത്ത് പണം ഉണ്ടാക്കുക, കുറച്ചു നല്ല വ്യായാമം ഒക്കെ ചെയ്ത് കുറച്ചു വെയിലൊക്കെ കൊണ്ട് നല്ല ആരോഗ്യം ഉണ്ടാക്കുക. ഇതൊന്നുമില്ലാണ്ട് പിന്നെ ആരാ വരുക? പിന്നെ ജാതകം ഒക്കെ തൽക്കാലം മാറ്റിവെക്കുക. ശരി സന്തോഷം.













Discussion about this post