ന്യൂഡൽഹി: ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അന്തകനാകാനുള്ള ശേഷി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിഫിഷ്യൽ ഇന്റലിനസിന്റെ ശരിയായ ഉപയോഗത്തിനും ഉത്തരവാദിത്ത ബോധത്തോടെയുള്ള കൈകാര്യം ചെയ്യലിനും ആഗോള മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ എ ഐ ആഗോള പങ്കാളിത്ത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് നിരവധി ഗുണങ്ങളും അതേ പോലെ ദോഷങ്ങളുമുണ്ട്. എ ഐ ടൂളുകൾ ഭീകരവാദികളുടെയും സൈബർ അക്രമികളുടെയോ കൈകളിൽ എത്തിയാൽ അത് വലിയ ദുരന്തങ്ങൾക്ക് കാരണമാകും. പ്രധാനമന്ത്രി പറഞ്ഞു.
എ ഐ ആയുധങ്ങൾ ഭീകരവാദികളുടെ കൈകളിൽ എത്തിയാൽ ലോകം തന്നെ അപകടത്തിലാകും. എ ഐയുടെ തെറ്റായ ഉപയോഗം തടയുന്നതിന് ചർച്ചകളും സംവാദങ്ങളും അനിവാര്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
നിർണായകമായ വിവിധ വിഷയങ്ങളിൽ ഇന്ന് അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾ നിലവിലുണ്ട്. എ ഐയുടെ കാര്യത്തിലും ഇത് നടപ്പിലാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
എ ഐക്ക് വേണ്ടി ഒരു ആഗോള ചട്ടക്കൂട് തയ്യാറാക്കണം. അപകടകരമായ എ ഐ ടൂളുകളുടെ ദുരുപയോഗം തടയാൻ നമുക്ക് നിശ്ചയദാർഢ്യവും ചുമതലാ ബോധവും കൂടിയാലോചനകളും കൂട്ടായ പ്രവർത്തനങ്ങളും അനിവാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സ്റ്റാർട്ടപ്പുകൾക്കും വ്യവസായികൾക്കും ഉപയോഗപ്രദമായ രീതിയിൽ ഇന്ത്യയിൽ എ ഐ മിഷൻ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആരോഗ്യ, കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post