പത്തനംതിട്ട: നീണ്ട നാളുകളുടെ തിക്കിനും തിരക്കിനും ശേഷം ശബരിമലയിൽ നേരീയ ആശ്വസം. പമ്പയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ ഇന്ന് നേരീയ കുറവ് വന്നിട്ടുണ്ട്. നിലയ്ക്കലിലെയും സ്ഥിതി സാധാരണ ഗതിയിലേക്ക് വന്ന് തുടങ്ങിയിട്ടുണ്ട്. ഗതാഗതക്കുരുക്കിന് ശമനമായതോടെ പ്രദേശത്തെ ബസ് സർവീസുകളും സാധാരണ നിലയിലേക്കെത്തി തുടങ്ങി. എരുമേലിയിലും ഇലവുങ്കലും ഗതാഗത നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. പുലർച്ചെ ഒരു മണി മുതൽ രാവിലെ 8 മണി വരെ തീർത്ഥാടക വാഹനങ്ങൾ പമ്പയിലേക്ക് പോകുന്നതു പോലീസ് തടഞ്ഞിരുന്നു.
തിരക്ക് നിയന്ത്രിക്കാൻ പ്രതിദിന വെർച്വൽ ക്യൂ ബുക്കിങ് 90,000ൽ നിന്ന് 80,000 ആക്കി കുറയ്ക്കാൻ തീരുമാനമായി. ശബരിമലയിലെ തിരക്ക് സംബന്ധിച്ച് പ്രതിഷേധങ്ങൾ ശക്തമായതോടെ ശബരിമലയിലെ ഡ്യൂട്ടിയ്ക്കുള്ള പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു. സന്നിധാനം ഓഫീസറായി കെ സുദര്‍ശനന്‍ ഐപിഎസിനെ നിയമിച്ചു. ക്രൈം ബ്രാഞ്ച് എസ്പി മധുസൂദനന്‍ എസിന് പമ്പയിലെ ചുമതലയും സന്തോഷ് കെവി ഐപിഎസിന് നിലയ്ക്കലിന്റെ ചുമതലയും നല്‍കി.
അതേസമയം, ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലയ്ക്കലിലെ പാർക്കിംഗ് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ ഹൈക്കോടതി നിരീക്ഷിക്കും. എത്ര വാഹനങ്ങൾക്ക് ഒരേ സമയം പാർക് ചെയ്യാൻ പറ്റും എന്നത് സംബന്ധിച്ച് പത്തനംതിട്ട ആർടിഒ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാകും കേസ് വീണ്ടും പരിഗണിക്കുക.










