പത്തനംതിട്ട: ശബരിമലയിൽ വീണ്ടും ഒരു അയ്യപ്പഭക്തൻ കൂടി കുഴഞ്ഞു വീണു മരിച്ചു. മുതലമട സ്വദേശി മനോജ് കുമാർ (49) ആണ് മരിച്ചത്. പമ്പ ത്രിവേണിയിൽ വച്ചാണ് മനോജ് കുഴഞ്ഞ് വീണത്. ഇതോടെ ഈ സീസണിൽ ശബരിമലയിൽ മരിച്ച അയ്യപ്പൻമാരുടെ എണ്ണം നാലായി.
ഈ അടുത്ത കാലത്തൊന്നും കാണാത്തത്ര തിരക്കാണ് ഈ മണ്ഡലകാലത്ത് അനുഭവപ്പെടുന്നത്. ദീർഘനേരമുള്ള ക്യൂവിലും തിരക്കിലും പെട്ട് ഭക്തർ മരിക്കുന്ന സാഹചര്യം വരെ ഉണ്ടായതോടെ വലിയ പ്രതിഷേധങ്ങളും വിമർശനങ്ങളുമാണ് സർക്കാരിനും പോലീസിനും എതിരെ ഉയർന്നു വന്നിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നത് പാളിയത് പോലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും വലിയ വീഴ്ച്ചയാണെന്നാണ് ആക്ഷേപം.
എട്ടു വയസുള്ള കുട്ടിയുൾപ്പെടെ നാല് പേർക്കാണ് ഇതുവരെ ശബരിമലയിൽ ജീവൻ നഷ്ടപ്പെട്ടത്. അപ്പാച്ചിമേട്ടില്‍ വച്ചാണ് 8 വയസുകാരി കുഴഞ്ഞ് വീണ് മരിച്ചത്. കുടിക്കാൻ വെള്ളം പോലും കിട്ടാതെയാണ് കുട്ടി മരിച്ചതെന്ന വിവരങ്ങൾ പുറത്തു വന്നത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. പരിചയ സമ്പന്നരായ പോലീസുകാരെ ഡ്യൂട്ടിക്ക് ഇടാത്തത് വലിയ വീഴ്ച്ചയായിരുന്നു എന്നാണ് ആക്ഷേപം.
വിവാദങ്ങൾ കടുത്തതോടെ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതേസമയം, ഇന്ന് പമ്പയിലേയും സമീപത്തുമുള്ള തിരക്കിന് നേരീയ ശമനം വന്നിട്ടുണ്ട്. സന്നിധാനത്ത് ഇപ്പോൾ തിരക്ക് നിയന്ത്രണ വിധേയമാണ്. ഗതാഗതക്കുരുക്കിനും ഇന്ന് ശമനമായിട്ടുണ്ട്. ഇതോടെ ബസ് സർവീസും സാധാരണ നിലയിലേക്ക് എത്തി. നിലയ്ക്കലിൽനിന്ന് പമ്പയിലേക്കും തിരിച്ചും കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തി.










