ന്യൂഡൽഹി: ബിജെപി എം പി ഖഗൻ മുർമു സംസാരിക്കുന്നതിനിടെ പാർലമെന്റിനുള്ളിൽ വർണപ്പുകയുമായി പരിഭ്രാന്തി സൃഷ്ടിച്ച അക്രമികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2001 പാർലമെന്റ് ആക്രമണത്തിന്റെ വാർഷികത്തിൽ രണ്ട് അക്രമികളാണ് പാർലമെന്റിനുള്ളിൽ പ്രവേശിച്ചത്. സാഗർ ശർമ്മ എന്നാണ് പിടിയിലായ ഒരു അക്രമിയുടെ പേര്.
ഒൻപത് പേരുടെ മരണത്തിനിടയാക്കിയ 2001ലെ പാർലമെന്റ് ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരസംഘടനകളായ ലഷ്കർ ഇ ത്വയിബയും ജെയ്ഷെ മുഹമ്മദും ആയിരുന്നു. പാർലമെന്റിൽ ആക്രമണം നടത്തുമെന്ന ഖാലിസ്ഥാൻ ഭീകരവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണ അക്രമികൾ പാർലമെന്റിനുള്ളിൽ കടന്നത്. ഡിസംബർ 13നോ അതിന് മുൻപോ പാർലമെന്റ് ആക്രമിക്കുമെന്നായിരുന്നു പന്നുവിന്റെ ഭീഷണി.
പാർലമെന്റിൽ കടന്നു കയറിയ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ട് പേരെ പാർലമെന്റിനുള്ളിൽ നിന്നും രണ്ട് പേരെ പുറത്ത് നിന്നുമാണ് പിടികൂടിയത്. രണ്ട് പേർ പാർലമെന്റിന്റെ മതിൽ ചാടിക്കടന്നു എന്നാണ് പ്രാഥമിക നിഗമനം. കളർ ബോംബും വർണ്ണപ്പുകയുമാണ് അക്രമികൾ കൈയ്യിൽ കരുതിയിരുന്നത്. അക്രമികൾ ഇവ പാർലമെന്റിനുള്ളിൽ വിതറുകയായിരുന്നു. വർണ്ണപ്പുകയുടെ സാമഗ്രികൾ ഇവർ ഷൂസിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്.
മഞ്ഞപ്പുക വമിപ്പിക്കുന്ന കാനുകളുമായി ഒരു സ്ത്രീയെയും പുരുഷനെയും പാർലമെന്റിന് പുറത്ത് നിന്നും പിടികൂടിയിരുന്നു. ട്രാൻസ്പോർട്ട് ഭവന് മുന്നിൽ നിന്നാണ് ഇവർ പിടിയിലായത്. നീലം കൗർ, അമോൽ ഷിൻഡെ എന്നിവരാണ് പിടിയിലായത്. അക്രമികളിൽ ഒരാൾ മഹാരാഷ്ട്രയിലെ ലത്തൂർ സ്വദേശിയാണ്. സംഭവത്തിൽ ഡൽഹി പോലീസ് മഹാരാഷ്ട്ര പോലീസുമായും ഭീകര വിരുദ്ധ സേനയുമായും ബന്ധപ്പെടുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റ് പരിസരത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post