ന്യൂഡൽഹി: വനിതാ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആർത്തവ അവധി എന്ന ആശയം ജോലിസ്ഥലങ്ങളിലെ സ്ത്രീകളുടെ അവസരങ്ങൾ ന്ഷടപ്പെടുത്താൻ കാരണമാകുമെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. രാജ്യസഭയിൽ എംപി മനോജ് കുമാർ ഝായുടെ ചോദ്യത്തിന് മറുപടിയായി ആയിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. സ്ത്രീകളുടെ ആർത്തവം ഒരു വൈകല്യമല്ല. ആർത്തവത്തെ അവരുടെ ഒരു വൈകല്യമായി കാണരുത്. സ്ത്രീകളുടെ ജീവിത്തിലെ ഒരു ഭാഗം മാത്രമാണ് ആർത്തവമെന്നും സ്മൃതി ഇറാനി പഞ്ഞു.
‘ആർത്തവമുള്ള സ്ത്രീയെന്ന നിലയിൽ, ആർത്തവവും ആർത്തവചക്രവും ഒരു വൈകല്യമല്ല, അത് സ്ത്രീകളുടെ ജീവിതയാത്രയുടെ സ്വാഭാവിക ഭാഗമാണ്’. ആർത്തവ അവധി തൊഴിൽ സേനയിൽ സ്ത്രീകൾക്കെതിരായ വിവേചനത്തിന് കാരണമാകും. ആർത്തവമില്ലാത്ത ഒരാൾക്ക് ആർത്തവത്തെക്കുറിച്ച് പ്രത്യേക കാഴ്ചപ്പാട് ഉണ്ടെന്ന് കരുതി സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി.
ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കരട് ദേശീയ നയത്തിന് രൂപം നൽകിയതായി ഇറാനി അറിയിച്ചു. രാജ്യത്തുടനീളമുള്ള ശരിയായ ആർത്തവ ശുചിത്വ പരിപാലന രീതികളിലേക്കുള്ള അവബോധവും പ്രവേശനവും മെച്ചപ്പെടുത്താനായി ഈ നയം ലക്ഷ്യമിടുന്നു.
10 മുതൽ 19 വയസ്സുവരെയുള്ള കൗമാരക്കാരായ പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള നിലവിലുള്ള ‘പ്രമോഷൻ ഓഫ് മെൻസ്ട്രൽ ഹൈജീൻ മാനേജ്‌മെന്റ് (എംഎച്ച്എം)’ പദ്ധതിയെ കുറിച്ചും കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. നാഷണൽ ഹെൽത്ത് മിഷന്റെ പിന്തുണയോടെ, വിവിധ വിദ്യാഭ്യാസ, ബോധവൽക്കരണ പരിപാടികളിലൂടെ ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിൽ ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Discussion about this post