ന്യൂഡൽഹി: ആർത്തവ അവധിയെക്കുറിച്ച് പാർലമെന്റിൽ കേന്ദ്രമന്ത്രി സമൃതി ഇറാനി നടത്തിയ അഭിപ്രായത്തിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് ബ്യൂട്ടി ബ്രാൻഡായ മാമ എർത്തിൻറെ സഹസ്ഥാപക ഗസൽ അലഗ്.
നൂറ്റാണ്ടുകളായി തുല്യതക്ക് വേണ്ടി സ്ത്രീകൾ നടത്തിയ പോരാട്ടങ്ങൾക്കുള്ള തിരിച്ചടിയാകും ആർത്തവ അവധിയെന്ന് ഗസൽ അലഗ് അഭിപ്രയപ്പെട്ടു. എന്നാൽ ഇതിന് ഒരു പരിഹാരവും അവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആര്‍ത്തവ ദിനങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ആ ദിവസങ്ങളില്‍ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണം എന്ന ആശയമാണ് ഗസൽ അലഗ് മുന്നോട്ട് വച്ചത്.
‘തുല്യ അവസരങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി നമ്മൾ നൂറ്റാണ്ടുകളായി പോരാടുകയാണ്. ആർത്തവ അവധിക്കായി പോരാടുന്നത് കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത സമത്വത്തിന് തിരിച്ചടിയായേക്കാം. എന്താണ് മികച്ച പരിഹാരം? ആർത്തവ വേദന അനുഭവിക്കുന്നവരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ (വർക്ക് ഫ്രം ഹോം) അനുവദിക്കണം’_ ഗസൽ അലഗ് വ്യക്തമാക്കി.
ആർത്തവ അവധി തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ തുല്യത ഇല്ലാതാകുമെന്ന കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയുടെ പരാമര്‍ശമാണ് ഒരു ഇടവേളക്ക് ശേഷം വീണ്ടും ആർത്തവ അവധിയെ കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായത്.
ആര്‍ത്തവം സ്ത്രീകളുടെ വൈകല്യമായി കാണരുത് എന്നും ഇത് സ്ത്രീകളുടെ ജീവിതത്തിൽ സ്വാഭാവികമായ ഒരു ഭാഗം മാത്രമാണെന്നും ആണ് മന്ത്രി പറഞ്ഞത്. ആർത്തവ ദിവസങ്ങളിൽ പ്രത്യേക അവധി നൽകുന്നത് തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എന്നാൽ, ആർത്തവ ശുചിത്വത്തിന് പ്രാധാന്യമുണ്ട്. അതുപ്രകാരം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കരട് ദേശീയ നയം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Discussion about this post