എറണാകുളം: യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ റുവൈസ് നൽകിയ ജാമ്യ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ച്ചയിലേക്ക് മാറ്റി. ഇതിനിടെ റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
അതേസമയം, ഷഹനയുടെ ആത്മഹത്യയിൽ തനിക്ക് പങ്കില്ലെന്ന് റുവൈസ് കോടതിയിൽ പറഞ്ഞു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നും റുവൈസിന്റെ ഹർജിയിൽ പറയുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നു. ഇത് പറ്റില്ലെന്ന് മാത്രമാണ് പറഞ്ഞിരുന്നതെന്നും റുവൈസ് ഹർജിയിൽ പറയുന്നു. ഗുരുതരമായ കേസാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ റുവൈസ് നൽകിയ ഹർജി കോടതി തള്ളിയിരുന്നു.
ഷഹ്നയും റുവൈയ്സും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, 150 പവനും 15 ഏക്കര്‍ ഭൂമിയും ബി.എം.ഡബ്ല്യൂ. കാറും സ്ത്രീധനമായി വേണമെന്നായിരുന്നു റുവൈസിന്റെ വീട്ടുകാരുടെ ആവശ്യം. ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ ഷഹനയുടെ വീട്ടുകാർക്ക് കഴിയാതെ വന്നതോടെ റുവൈസും ബന്ധുക്കളും വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തത്. മെഡിക്കല്‍ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ് ഷഹനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Discussion about this post