ഗവർണർക്കെതിരായ പ്രതിഷേധത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം നടത്തുന്ന ഒരു മുൻ എസ്എഫ്ഐ നേതാവിന്റെ കുറിപ്പ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കെ എം ഹിലാൽ ആണ് ഈ കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. പാർട്ടിയിൽ നിന്നും കടഞ്ഞെടുക്കപ്പെട്ട തെമ്മാടികൾ ഭരണത്തെ നിയന്ത്രിച്ച് കൊണ്ട് തോന്ന്യാസം കാട്ടുന്നതിനെ ഗവർണർ ചോദ്യം ചെയ്യുന്നതാണ് എസ്എഫ്ഐയുടെ ഭാഷയിൽ സംഘിസമെന്ന് കെ എം ഹിലാൽ വിമർശനമുന്നയിക്കുന്നു. ഗവർണറുടെ ധീരമായ നടപടികൾക്ക് അദ്ദേഹം അഭിനന്ദനങ്ങളും അറിയിച്ചു.
കെഎം ഹിലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
1995 ൽ ഞാൻ SFI യുടെ സംസ്ഥാന കമ്മറ്റി അംഗമായിരിക്കേ കോട്ടയം ബസേലിയോസ് കോളജിൽ നഗരത്തിലെ കഞ്ചാവ് മാഫിയ കാമ്പസിൽ കയറി അക്രമം നടത്തിയതായും, അതിനെ ചോദ്യം ചെയ്ത് SFI പ്രവർത്തകർ പ്രതിരോധം സൃഷ്ടിച്ചതായും അറിഞ്ഞു. ഉടൻ തന്നെ ഞാൻ കാമ്പസിന് മുന്നിലെത്തി. കോളജ് സമയം കഴിഞ്ഞ് കാമ്പസിലെ SFI പ്രവർത്തകരുമൊത്ത് കെ.കെ. റോഡിലൂടെ നീങ്ങുമ്പോൾ കഞ്ചാവ് സംഘം കൂടുതൽ സന്നാഹങ്ങളുമായി എത്തി വളഞ്ഞു. എസ്.എഫ്.ഐ.പ്രവർത്തകനായ പ്രമോദ് ചന്ദ്രനെ ലക്ഷ്യമാക്കി ഒരു കഠാര പാഞ്ഞ് വരുന്നത് കണ്ട് അത് തട്ടിത്തെറിപ്പിച്ചതേ ഓർമ്മയുള്ളൂ. പിന്നെ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാകുന്നതാണ് കണ്ണ് തുറന്നപ്പോൾ കണ്ടത്. ഒരുവൻ പിറകിൽ നിന്ന് സോഡ കുപ്പി കൊണ്ട് തലയ്ക്കടിച്ചത് കൊണ്ട് ബോധം പോയതായിരുന്നു….
അതൊക്കെ പഴയ കഥ !
ഇപ്പോൾ കാണുന്നതും കേൾക്കുന്നതും എന്താണ്?
എസ്.എഫ്.ഐക്കാർ പ്രതിയാകാത്ത കഞ്ചാവ് കേസോ, അഴിഞ്ഞാട്ടക്കേസോ ഇല്ല!
അരപ്പിരിയൻമാർ സകല വൃത്തികേടും കാട്ടി എസ്.എഫ്.ഐ.-ഡി.വെെ. എഫ്. ഐ നേതാക്കളായി പാവപെട്ടവന്റെ നെഞ്ചത്ത് കയറുന്നു.
യാതൊരു യോഗ്യതയുമില്ലാത്ത തെമ്മാടികളെ സർവകലാശാലാ ഭരണ സമിതികളിലും അധ്യാപനത്തിനും നിയമിക്കുന്നു.
പാർട്ടിയിൽ നിന്നും കടഞ്ഞെടുക്കപ്പെട്ട തെമ്മാടികൾ ഭരണത്തെ നിയന്ത്രിച്ച് കൊണ്ട് തോന്ന്യാസം കാട്ടുന്നതിനെ ബഹു. ഗവർണ്ണർ ചോദ്യം ചെയ്യുന്നതും തിരുത്തുന്നതുമാണ് ഈ “സംഘിസം” എന്ന് ഇവന്മാർ ഉദ്ദേശിക്കുന്നത്.
ആരിഫ് മുഹമ്മദ് ഖാനോ ഇവിടെ ഇത് കുറിക്കുന്ന ഞാനോ ഒന്നും സംഘികളായിരുന്നില്ലല്ലോ…
രാഷ്ട്ര വിരുദ്ധരായ കമ്യൂണിസ്റ്റുകളും കോൺഗ്രസുകാരും മത്സരിച്ച് നടത്തുന്ന തോന്ന്യവാസങ്ങൾ മൂലം നട്ടം തിരിഞ്ഞ ഭാരതജനതയെ കൈ പിടിച്ചുയർത്താൻ ഇപ്പറയുന്ന സംഘികൾക്കേ കഴിയൂ എന്ന തിരിച്ചറിവാണ് രാജ്യമെമ്പാടും ലക്ഷോപലക്ഷം കോൺഗ്രസ്സ് – കമ്യൂണിസ്റ്റ് പ്രവർത്തകർ സംഘികളാകാൻ കാരണം.
ഗവർണ്ണറുടെ ധീരമായ നടപടികൾക്ക് അഭിനന്ദനങ്ങൾ.
Discussion about this post