കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ വച്ച് കാർ തടഞ്ഞ് 68 ലക്ഷം രൂപ കവർന്ന കേസിൽ രണ്ടുപേർ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ടുപേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. മോഷണ സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെയും തിരിച്ചറിഞ്ഞിട്ടുള്ളതായി പോലീസ് വ്യക്തമാക്കി. തോമസ്, ഷാമോൻ എന്നിവരാണ് കൊടുങ്ങല്ലൂരിൽ നിന്നും പിടിയിലായിരിക്കുന്നത്.
താമരശ്ശേരി പോലീസ് കൊടുങ്ങല്ലൂരിൽ എത്തിയാണ് പ്രതികളെ പിടികൂടിയത്. മോഷണസംഘം ഉപയോഗിച്ചിരുന്ന കാറുകളിൽ ഒന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെയായിരുന്നു കാറിൽ എത്തിയ മോഷണസംഘം താമരശ്ശേരി ചുരത്തിൽ വച്ച് മൈസൂർ സ്വദേശിയിൽ നിന്നും 68 ലക്ഷം രൂപ തട്ടിയെടുത്തത്.
മൈസൂരുവില്‍ നിന്നു കൊടുവള്ളിയിലേക്ക് വരികയായിരുന്ന മൈസൂർ സ്വദേശി വിശാല്‍ ദശത് മഡ്കരി എന്ന യുവാവിനെയാണ് കാർ തടഞ്ഞുനിർത്തി ആക്രമിച്ച് പണം കവർന്നത്. പോലീസിൽ അറിയിച്ചാൽ കൊന്നുകളയും എന്ന് ഈ സംഘം യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭയം മൂലം സംഭവം പുറത്തു പറയാതിരുന്ന യുവാവ് പിന്നീട് വെള്ളിയാഴ്ചയാണ് പോലീസിൽ പരാതി നൽകുന്നത്.
കൊടുവള്ളിയിൽ നിന്നും പഴയ സ്വർണ്ണം വാങ്ങിയുമായി മൈസൂരിൽ എത്തിക്കുന്നത്തിനായിരുന്നു ഈ യുവാവ് കേരളത്തിലേക്ക് വന്നത്. സ്വർണ്ണം വാങ്ങുന്നതിനായി സൂക്ഷിച്ചിരുന്ന 68 ലക്ഷം രൂപയും ഇരുപതിനായിരം രൂപ വിലയുള്ള മൊബൈൽഫോണും ആണ് ആക്രമിസംഘം കവർച്ച നടത്തിയത്. കേസിലെ മറ്റു പ്രതികളെയും ഉടൻതന്നെ പിടികൂടുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.
Discussion about this post