മുംബൈ: പ്രവചിക്കപ്പെട്ട കാലത്തിനേക്കാൾ മുൻപേ 5 ട്രില്ല്യൺ ഡോളർ സമ്പദ്ഘടന എന്ന നേട്ടം സ്വന്തമാക്കാനും ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാനുമുള്ള ശേഷി ഇന്ത്യക്ക് ഉണ്ടെന്ന് കൊളംബിയ സർവകലാശാല പ്രൊഫസറും നീതി ആയോഗ് മുൻ ഉപാദ്ധ്യക്ഷനുമായ അരവിന്ദ് പനാഗരിയ. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾ കൊണ്ട് ഇന്ത്യ വാർഷിക ശരാശരിയിൽ 10.2 ശതമാനത്തിന്റെ വളർച്ച കൈവരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ നിലയിൽ മുന്നോട്ട് പോവുകയാണെങ്കിൽ 2026ഓടെ 5 ട്രില്ല്യൺ ഡോളർ സമ്പദ്ഘടന എന്ന നേട്ടം കൈവരിക്കാനും 2027ൽ 5.5 ട്രില്ല്യൺ ഡോളറിലേക്ക് നേട്ടമെത്തിക്കാനും ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിസർവ് ബാങ്ക് സംഘടിപ്പിച്ച പതിനെട്ടാമത് സി ഡി ദേശ്മുഖ് പ്രഭാഷണത്തിൽ സംസാരിക്കവെയാണ് ഇന്ത്യൻ സമ്പദ്ഘടനയെ കുറിച്ചുള്ള ശുഭാപ്തിവിശ്വാസം പനാഗരിയ പങ്കുവെച്ചത്.
ചെറുകിട വ്യവസായങ്ങളും കാർഷിക യൂണിറ്റുകളും ചെറു സംരംഭങ്ങളും സമ്പദ്ഘടനയുടെ വളർച്ചയിൽ തനതായ പങ്ക് വഹിക്കുന്നുണ്ട്. വ്യാവസായിക രംഗത്തും സേവന മേഖലയിലും ഉണ്ടാകുന്ന വളർച്ച തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക മാത്രമല്ല, ഗ്രാമ പ്രദേശങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം വർദ്ധിപ്പിക്കുന്നതായും നീതി ആയോഗ് മുൻ ഉപാദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയമായി നോക്കുകയാണെങ്കിൽ അമേരിക്കയും യൂറോപ്പും പിന്തുണയ്ക്കുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ജപ്പാൻ, ദക്ഷിണ കൊറിയ, തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങൾ എന്നിവയുമായും ഇന്ത്യക്ക് സൗഹൃദമുണ്ട്. ഇത് ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യയിലേക്ക് എത്തിക്കും. ഇന്ത്യൻ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണി ലഭിക്കുമെന്നും പനഗാരിയ പറഞ്ഞു.
Discussion about this post