വയനാട്: നാടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നരഭോജി കടുവ കൂട്ടിലായി. കര്‍ഷകനെ കൊലപ്പെടുത്തി പത്താം ദിവസമാണ്, കടുവയെ പിടിക്കുന്നത്. കൂടല്ലൂര്‍ കോളനിക്ക് സമീപം ദൗത്യത്തിന്റെ ഭാഗമായി വനം വകുപ്പ് സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. കൂടല്ലൂര്‍ കോളനിക്കവലയ്ക്ക് സമീപമുള്ള കാപ്പി തോട്ടത്തിലെ കൂട്ടിലാണിപ്പോള്‍ കടുവ.
ഉത്തര മേഖല സിസിഎഫ് കെഎസ് ദീപയുടെ മേല്‍നോട്ടത്തില്‍ സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്ന കരീം, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.അരുണ്‍ സക്കറിയ, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ അജേഷ് മോഹന്‍ദാസ് തുടങ്ങിയവരാണ് ദൗത്യത്തിനു നേതൃത്വം നല്‍കിയത്. കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കടുവയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. എന്നാല്‍, കടുവയെ വനത്തിലേക്ക് തുറന്നുവിടരുതെന്നും വെടിവെച്ച് കൊല്ലണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രജീഷ് എന്ന യുവ ക്ഷീരകര്‍ഷകനാണ് കുറച്ച് ദിവസം മുന്‍പ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പശുവിന് പുല്ലരിയാന്‍ പോയ പ്രജീഷിനെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post