ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശം ചെയ്ത് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളും ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമതബാനർജിയും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രം ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിച്ചാൽ മതിയെന്ന മുൻ പ്രഖ്യാപനത്തിൽ നിന്നാണ് മമത യൂടേൺ എടുത്തത്.
ഇൻഡി മുന്നണി യോഗത്തിലാണ് ഖാർഗയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം മുന്നോട്ട് വന്നത്. പങ്കെടുത്ത കക്ഷികളിൽ 12 പേരും ഈ നിർദ്ദേശത്തെ അഭിനന്ദിച്ചു. ഇത് രാജ്യത്തെ ആദ്യത്തെ ദളിത് പ്രധാനമന്ത്രിയാകാനുള്ള അവസരമാണെന്നാണ് ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശത്തെ പിന്തുണച്ചുകൊണ്ട് അരവിന്ദ് കെജ്രിവാൾ പറഞ്ഞത്.
എന്നാൽ ഇത് വിസമ്മതിച്ച ഖാർഗെ ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് വ്യക്തമാക്കി. ഞങ്ങൾ ആദ്യം വിജയിക്കണം, വിജയിക്കാൻ എന്തുചെയ്യണമെന്ന് ചിന്തിക്കുക. എംപിമാർ ഉണ്ടാകുന്നതിന് മുമ്പ് പ്രധാനമന്ത്രിയെ കുറിച്ച് ചർച്ച ചെയ്തിട്ട് എന്ത് കാര്യം. ഞങ്ങൾ ഒരുമിച്ച് ഭൂരിപക്ഷം നേടാൻ ശ്രമിക്കുമെന്ന് ഖാർഗെ വ്യക്തമാക്കി.












