തൃശ്ശൂർ: പൂരം നടത്തിപ്പിന് തുക കണ്ടെത്താൻ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ ചേർന്ന് നടത്തുന്ന എക്സിബിഷന് തറവാടക ഈടാക്കുന്നത് അനീതിയാണെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വാടക വർധിപ്പിക്കരുതെന്നല്ല വാടക ഈടാക്കാനേ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുന്നതിലായിരിക്കണം ദേവസ്വത്തിന്റെ ശ്രദ്ധ അല്ലാതെ ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കാൻ പ്രയത്നിക്കുന്ന വിശ്വാസികളെ കൊള്ളയടിക്കലാവരുതെന്ന് അദ്ദേഹം വിമർശിച്ചു. ക്ഷേത്രാചാരവുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് വാടക ഈടാക്കുന്നതിൽ ആരും എതിരല്ല. പക്ഷെ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ കൊള്ളയടിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല.തൃശ്ശൂർ പൂരത്തെ തകർക്കാനുള്ള ഏത് നീക്കത്തെയും പാറമേക്കാവ് തിരുവമ്പാടി ദേശങ്ങൾക്കും പൂരപ്രേമികൾക്കും ഒപ്പം നിന്ന് നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
പൂരം പ്രതിസന്ധിയിലാക്കി ഭരണമുന്നണിയിലെ ചിലർക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള അവസരം ഉണ്ടാക്കിയെടുക്കാനുള്ള നാടകത്തിന്റെ ഭാഗമാണോ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കടുംപിടുത്തത്തിന് പിന്നിലെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്നും സുരേഷ് ഗോപി ആരോപിച്ചു.
Discussion about this post