ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി യോഗം പുതിയ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നിർദ്ദേശം ചെയ്യുന്ന ചർച്ചകളിലേക്ക് വരെ എത്തിയിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി എത്തണമെന്ന് നിർദ്ദേശിച്ച് മമതബാനർജിയും അരവിന്ദ് കെജ്രിവാൾ അടക്കം രംഗത്തെത്തിയെങ്കിലും ആദ്യം എംപിമാരെ ഉണ്ടാക്കുന്നതിലും ഭൂരിപക്ഷം ഉണ്ടാക്കുന്നതിലുമാണ് ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇത്തരം ഗൗരവകരമായ ചർച്ചയ്ക്കിടെ രസകരമായ ഒരു പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജനതാദൾ യുണൈറ്റഡ് (ജെഡിയു) എംപി സുനിൽകുമാർ പിന്റു. കോൺഗ്രസിന് സമൂസ ഒരുക്കാൻ പോലും പണമില്ലെന്ന പരിഹാസമാണ് അദ്ദേഹം ഉയർത്തിയത്.
സുനിൽ കുമാർ പിന്റുവിന്റെ പരാതി യോഗത്തിൽ ചായക്കൊപ്പം ബിസ്‌കറ്റ് നൽകിയതാണ്. മുൻപ് കൂട്ടായ്മ യോഗത്തിൽ ചായയും സമോസയുമാണ് നൽകിയിരുന്നത്. ഇത്തവണ കോൺഗ്രസിന് ഫണ്ടില്ലാത്തതുകൊണ്ട് അതുപോലും സാദ്ധ്യമായില്ല. സമോസയ്ക്ക് പകരം ബിസ്‌കറ്റാണ് നൽകിയത്.ഇക്കാര്യത്തിൽ യോഗത്തിൽ ചർച്ചയൊന്നും നടന്നില്ലെന്നും സുനിൽ കുമാർ പിന്റു പറഞ്ഞു. കോൺഗ്രസ് 138,1380,13800 എന്നിങ്ങനെ നിരക്കിൽ ധനസമാഹരണം ആരംഭിക്കാനിരിക്കുകയാണ്. അതിനാൽ തന്നെ യോഗം സമോസയില്ലാതെ, ഗൗരവകരമായ തീരുമാനമില്ലാതെ പിരിഞ്ഞതായും എം.പി പറഞ്ഞു.
ജെഡിയു എംപിയുടെ പരാമർശത്തോട് പ്രതികരിച്ച് ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി ”ഇൻഡി യോഗത്തിൽ സമൂസ ഇല്ലാത്തതിനാൽ നിതീഷ് കുമാറിന്റെ എംപിമാർ നിരാശരാണ്. ഗുരുതരമായ ഒരു വിഷയവും ചർച്ച ചെയ്തിട്ടില്ലെന്നും പറഞ്ഞു. നിതീഷ് കുമാറിനെ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് വരെ സമാന പരാതികൾ തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.











