തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്‌യെ 2029-ൽ പ്രധാനമന്ത്രിയാക്കാൻ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി സഹായിക്കുമെന്ന് കവുണ്ടംപാളയം എംഎൽഎ കനിമൊഴി സന്തോഷ് അവകാശപ്പെട്ടു.
ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അവർ ഈ പരാമർശം നടത്തിയത്. തങ്ങളുടെ നേതാവായ വിജയ്‌യെ മുഖ്യമന്ത്രി കസേരയിലിരുത്തിയത് രാഹുൽ ഗാന്ധിയാണെന്നും, അതുപോലെ 2029-ൽ അദ്ദേഹത്തിന്റെ കൈപിടിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് നയിക്കാനും രാഹുൽ ഗാന്ധി മുന്നിലുണ്ടാകുമെന്നും കനിമൊഴി സന്തോഷ് പറഞ്ഞു.
എന്നാൽ ടിവികെ എംഎൽഎയുടെ ഈ പരാമർശങ്ങളെ തള്ളി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവും കുളച്ചൽ എംഎൽഎയുമായ താരാഹൈ കുത്ത്ബെർട്ട് രംഗത്തെത്തി. രാഹുൽ ഗാന്ധി എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന ദേശീയ നേതാവാണെന്നും 2029-ലെ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന കാര്യത്തിൽ മുഖ്യമന്ത്രി വിജയ്‌ക്ക് യാതൊരു സംശയവുമില്ലെന്നും അവർ വ്യക്തമാക്കി.
ടിവികെ എംഎൽഎമാർ രാഷ്ട്രീയത്തിൽ തുടക്കക്കാരാണെന്നും അവർ ഇപ്പോഴും ആരാധകരുടെ മനോഭാവത്തിൽ നിന്നാണ് സംസാരിക്കുന്നതെന്നും താരാഹൈ കുത്ത്ബെർട്ട് കുറ്റപ്പെടുത്തി.











