ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയ്ക്ക് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ അയോഗ്യനാക്കപ്പെട്ടു. ജനപ്രാതിനിധ്യനിയമത്തിലെ 8.1 വകുപ്പ് പ്രകാരമാണ് ശിക്ഷാവിധിയോടെ മന്ത്രിക്ക് എംഎൽഎ സ്ഥാനം നഷ്ടമായത്. എന്നാൽ മന്ത്രി നൽകിയ മെഡിക്കൽ രേഖകൾ പരിഗണിച്ച ഹൈക്കോടതി കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഉടൻ സുപ്രീം കോടതിയെ സമീപിക്കും എന്ന് മന്ത്രിയുടെ അഭിഭാഷകൻ പറഞ്ഞു.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ് കെ പൊന്മുടിയ്ക്കും ഭാര്യയ്ക്കും മൂന്ന് വർഷം തടവ് വിധിച്ചത്. ഇരുവരും 50 ലക്ഷം രൂപ വീതം അടയ്ക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തവിട്ടിരുന്നു. ഭാവിതലമുറയുടെ വിധി നിർണയിക്കുന്ന വിദ്യാഭ്യാസ വകുപ്പിലിരുന്ന് അഴിമതി നടത്തിയ മന്ത്രിയെ വെറുതെവിടാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് കെ. പൊന്മുടിയെ മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചത്.
2006നും 2011നും ഇടയിലെ കരുണാനിധി സർക്കാരിൻറെ കാലത്ത് മന്ത്രി സമ്പാദിച്ച സ്വത്തിൽ 65 ശതമാനവും അനധികൃത മാർഗത്തിലുള്ളതാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിയാണ് കെ. പൊൻമുടി. പിഎച്ച്ഡി നേടിയ അദ്ദേഹം ഒരു പ്രൊഫസറായി സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് അദ്ദേഹം ഡിഎംകെയിലേക്ക് എത്തുകയായിരുന്നു. 1989ലാണ് അദ്ദേഹം വില്ലുപുരം മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ആറ് തവണ എംഎൽഎ സ്ഥാനം വഹിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം. നിലവിൽ കല്ലേക്കുറിച്ചിയിലെ തിരുക്കൊയിൽ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തിയത്. തമിഴ്നാട്ടിലെ പ്രശസ്തമായ സൂര്യ ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻ നടത്തി വരുന്നത് പൊൻമുടിയുടെ കുടുംബമാണ്. എൻജീനിയറിംഗ് കോളേജ്, ആർട്സ് കോളേജ്, പോളിടെക്നിക്കുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഈ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്നത്.











