ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ കേസിൽ ദീപക് ബോക്സർ എന്നറിയപ്പെടുന്ന ദീപക് പഹലിനെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ട് ഡൽഹി തീസ് ഹസാരി കോടതി. ഈ വർഷം വസീറാബാദ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ബോക്സറെ കസ്റ്റഡിയിൽ വിട്ടത്. പ്രായപൂർത്തിയാകാത്ത രണ്ട് പേരെക്കൊണ്ട് വീടിന് നേരെ വെടിവെപ്പിച്ച ശേഷം ഒരാളിൽ നിന്നും 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സുമീത് ആനന്ദ് ആണ് ദീപകിനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
ഡിസംബർ 24ന് പ്രതിയെ കോടതിയിൽ ഹാജരാക്കാനും 24 മണിക്കൂറിന് ശേഷം വൈദ്യപരിശോധന നടത്താനും കോടതി നിർദേശിച്ചു. ഇതോടൊപ്പം ദീപകിന്റെ കൂട്ടുപ്രതികളെ പിടികൂടാനായും കൂടുതൽ അന്വേഷണത്തിനായും ആണ് ഡൽഹി പോലീസ് പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
ദീപക് ബോക്‌സറിന് വേണ്ടി അഭിഭാഷകരായ വീരേന്ദർ മുവലും അങ്കിത് ത്യാഗിയും ഹാജരായി. കെട്ടിട നിർമ്മാണ സാമഗ്രി വിതരണക്കാരനായ ഗൗരവ് ത്യാഗിയുടെ പരാതിയിലാണ് ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നവംബർ 30നാണ് കേസിനാസ്പദമായ സംഭവം. ഹെൽമറ്റും തുണിയും കൊണ്ട് മുഖം മറച്ച രണ്ട് ആൺകുട്ടികളെ ഇരുചക്ര വാഹനത്തിൽ തന്റെ വീടിന് മുന്നിൽ ഇറക്കി വിട്ടതായും പിന്നീട് വെടിയുതിർത്തതായും ഗൗരവ് ത്യാഗി മൊഴി നൽകി. ഇയാളുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ സംഭവത്തിന്റെ ദുശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ, ഇതിന് പിന്നാലെ ഇയാൾക്ക് ഭീഷണി സന്ദേശം ലഭിച്ചതായും ഗൗരവ് ത്യാഗി പറയുന്നു.
Discussion about this post