ന്യൂഡൽഹി : ബുധനാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ രണ്ട് സുപ്രധാന തീരുമാനങ്ങൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അടൽ പെൻഷൻ യോജന 2030-31 വരെ നീട്ടി. രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമായ പദ്ധതിയുടെ പ്രോത്സാഹനം, വികസന പ്രവർത്തനങ്ങൾ, ഗ്യാപ് ഫണ്ടിംഗ് എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം കൂടെ ഉൾപ്പെടുന്നതാണ് മന്ത്രിസഭായോഗ തീരുമാനം. 2015 മെയ് 9 ന് ആരംഭിച്ച അടൽ പെൻഷൻ യോജന അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർദ്ധക്യത്തിൽ വരുമാന സുരക്ഷ നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ചെറുകിട വ്യവസായങ്ങൾക്കും (എംഎസ്എംഇ) പ്രോത്സാഹനം നൽകുന്നതിനും ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബിഐ) യിലേക്ക് 5,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്താനും ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഈ മൂലധനം ധനകാര്യ സേവന വകുപ്പ് (ഡിഎഫ്എസ്) മൂന്ന് ഗഡുക്കളായി നൽകും. 2025-26 സാമ്പത്തിക വർഷത്തിൽ 3,000 കോടിയും 2026-27, 2027-28 സാമ്പത്തിക വർഷങ്ങളിൽ 1,000 കോടി വീതവും ആണ് സർക്കാർ നിക്ഷേപിക്കുക. ഈ ഓഹരി നിക്ഷേപം 11.2 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.










Discussion about this post