ദിസ്പുർ : അസമിലെ കൊക്രജാറിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ സംഘർഷം. ആൾക്കൂട്ട ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംഘർഷബാധിത പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിച്ചതായി അസം സർക്കാർ അറിയിച്ചു. ബോഡോകളും ആദിവാസികളും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ആണ് വലിയ തോതിലുള്ള സംഘർഷത്തിലേക്ക് നീങ്ങിയത്.
തിങ്കളാഴ്ച രാത്രി കരിഗാവ് ഔട്ട്‌പോസ്റ്റിന് കീഴിലുള്ള മാൻസിംഗ് റോഡിൽ മൂന്ന് ബോഡോകളുമായി സഞ്ചരിച്ച വാഹനം രണ്ട് ആദിവാസികളെ ഇടിച്ചതോടെയാണ് മേഖലയിൽ സംഘർഷം ആരംഭിച്ചത്. ആദിവാസി ഗ്രാമവാസികൾ ഇടിച്ച വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് ബോഡോകളെ മർദ്ദിക്കുകയും വാഹനം കത്തിക്കുകയും ചെയ്തു. ചൊവ്വാഴ്ച, ബോഡോ, ആദിവാസി സമൂഹങ്ങൾ കരിഗാവ് ഔട്ട്‌പോസ്റ്റിനോട് ചേർന്നുള്ള ദേശീയ പാത ഉപരോധിക്കുകയും, ടയറുകൾ കത്തിക്കുകയും, ഒരു സർക്കാർ ഓഫീസ് കത്തിക്കുകയും, കരിഗാവ് പോലീസ് ഔട്ട്‌പോസ്റ്റ് ആക്രമിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. കരിഗാവിലെ നിരവധി ഗ്രാമീണർ ആക്രമണങ്ങളെ ഭയന്ന് പലായനം ചെയ്തു. ആൾക്കൂട്ടം ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.
ബുധനാഴ്ച കരിഗാവിലെ കലാപബാധിത പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും സൈന്യം ഒരു ഫ്ലാഗ് മാർച്ച് നടത്തുമെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. നിലവിൽ നാല് സൈനിക കോളങ്ങളാണ് മേഖലയിൽ വിന്യസിച്ചിട്ടുള്ളത്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി റാപ്പിഡ് ആക്ഷൻ ഫോഴ്‌സും പ്രദേശത്തുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.











Discussion about this post