നിങ്ങളിൽ പലർക്കും അവധിക്കാലം എന്ന് പറയുമ്പോൾ മനോഹരമായ ഓർമ്മകൾ ആയിരിക്കും അല്ലെ ഉണ്ടാകുക. ‘അമ്മ വീട്ടിലൊക്കെ പോയി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ കുറച്ച് ദിവസങ്ങളൊക്കെ ചിലവഴിച്ചു, അവർ പറയുന്ന കഥകൾ ഒകെ കേട്ട്, മുത്തശ്ശി ഉണ്ടാക്കി തരുന്ന ഭക്ഷണമൊക്കെ കഴിച്ച്, മുത്തശ്ശന്റെ കൂടെ പാടത്തും പറമ്പിലുമൊക്കെ പോയിരുന്ന ആ കാലം ജീവിതത്തിലെ മനോഹരമായ നിമിഷം തന്നെയായിരിക്കാം. അവരെ പിരിഞ്ഞ് അവിടെ നിന്ന് പോകുമ്പോൾ ഉണ്ടാകുന്ന ആ മിസിങ് അന്ന് വലിയ സങ്കടം തന്നെയായിരുന്നു.
ഇന്ന് അവരിൽ പലരും നമ്മളോടൊപ്പം ഇല്ല എന്നത് ശരിയാണെങ്കിലും അന്നത്തെ ഓർമകൾക്ക് ഇന്നും മധുരമേറെയാണ്. അത്തരത്തിൽ ഉള്ള നമ്മുടെ ബാല്യകാല സ്മരണയിലെ ആ അപാര മുത്തശ്ശൻ- കൊച്ചുമകൻ ബോണ്ടിങ്ങിന്റെ കഥ പറഞ്ഞ പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘മൂന്നാംപക്കം’ എന്ന ചിത്രം വികാരനിർഭരമായ കാവ്യങ്ങളിലൊന്നാണ്. മുത്തച്ഛനും പേരക്കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഇന്നും മലയാളിക്ക് ഒരു തേങ്ങലാണ്.
തന്റെ ഏക പ്രതീക്ഷയായ പേരക്കുട്ടിയുടെ വരവും കാത്തിരിക്കുന്ന ഒരു മുത്തച്ഛന്റെയും, ഒടുവിൽ വിധി തട്ടിയെടുത്ത ആ ബന്ധത്തിന്റെയും കഥയാണിത്. കടലോരത്തെ ആ പഴയ തറവാട്ടിൽ തമ്പി (തിലകൻ) തന്റെ പേരക്കുട്ടി പാച്ചുവിനായി (ജയറാം) ഒരുക്കുന്ന കാത്തിരിപ്പ് ഏതൊരു പ്രേക്ഷകന്റെയും ഉള്ളുലയ്ക്കും. പാച്ചു തന്റെ കൂട്ടുകാരുമൊത്ത് അവധി ആഘോഷിക്കാൻ തറവാട്ടിലെത്തുന്നുണ്ട് എന്ന കത്ത് കിട്ടുമ്പോൾ മുതൽ തമ്പിയുടെ മുഖത്ത് കാണുന്ന സന്തോഷവും അത് അയാൾ ആഘോഷിക്കുന്ന രീതിയിൽ നിന്നും നമുക്ക് മനസിലാക്കാം എത്രമാത്രം അയാൾ കൊച്ചുമകനെ സ്നേഹിക്കുന്നു എന്ന്.
തമ്പി നടത്തുന്ന വലിയ ഒരുക്കങ്ങൾക്കൊടുവിൽ പാച്ചുവും കൂട്ടുകാരും എത്തുന്നതോടെ ആ തറവാട് ഉണരുന്നു. തമ്പിയും പാച്ചുവും തമ്മിലുള്ള ബന്ധം ഒരു മുത്തച്ഛനും പേരക്കുട്ടിയും എന്നതിലുപരി രണ്ട് ഉറ്റ കൂട്ടുകാരെ പോലെ ആയിരുന്നു . പാച്ചു സ്നേഹിക്കുന്ന പെൺകുട്ടിയും, തമ്പിയുടെ സ്നേഹിതരുമൊക്കെ ചേരുന്നതോടെ ആ തറവാട് ഉത്സവ മോഡിൽ ആയിരുന്നു.
അതിനിടയിൽ ഒരു ഒരു ദിവസം പാച്ചുവും കൂട്ടുകാരും തമ്പിയുടെ വിലക്ക് വകവെക്കാതെ കടലിൽ കുളിക്കാൻ ഇറങ്ങുന്നു. ശേഷം പാച്ചുവിന് പറ്റുന്ന അപകടവും പിന്നെ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ സിനിമ പറയുന്നത്. തിലകൻ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി ഈ ചിത്രം ഇന്നും വാഴ്ത്തപ്പെടുന്നു. മനുഷ്യബന്ധങ്ങളുടെ ആഴവും പ്രകൃതിയുടെ പ്രവചനാതീതമായ ക്രൂരതയും പത്മരാജൻ ഇതിൽ മനോഹരമായി കോർത്തിണക്കി.
കാണാത്ത ആളുകൾ ഉണ്ടെങ്കിൽ ഈ പത്മരാജാൻ മാജിക്ക് കാണുക.













Discussion about this post