ന്യൂഡല്‍ഹി: എല്ലാ പോസിറ്റീവ് കോവിഡ് -19 ടെസ്റ്റ് സ്വാബുകളുടെയും സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയയ്ക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. പുതിയ കോവിഡ് വകഭേദമായ സാർസ് കോവ്_ വിയെ കുറിച്ച് ജാഗ്രത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് കേന്ദ്രം അറിയിച്ചു.
ചില സംസ്ഥാനങ്ങളിൽ JN.1 വകഭേദം പടരുന്നത് വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ പിന്നാലെയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പുതിയ നിർദ്ദേശങ്ങൾ നല്‍കിയിരിക്കുന്നത്.
രാജ്യത്തുടനീളം ശക്തിപ്പെടുത്തുന്ന കോവിഡ് നിരീക്ഷണത്തിന്റെ ഭാഗമായാണ് നടപടി. എല്ലാ RT-PCR പോസിറ്റീവ് സാമ്പിളുകളും ജീനോം സീക്വൻസിംഗിനായി ലബോറട്ടറികളിലേക്ക് അയയ്‌ക്കേണ്ടതുണ്ട്. രോഗവ്യാപനം തടയാൻ കോവിഡ് പരിശോധനകള്‍ കൂടുതൽ ശക്തമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ മാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
RT-PCR ടെസ്റ്റുകൾ കൊറോണ വൈറസ് ഉണ്ടോയെന്ന് നിർണ്ണയിക്കുമ്പോൾ മുഴുവൻ ജീനോം സീക്വൻസിംഗ് കൊറോണ വൈറസ് സാമ്പിളിലെ മുഴുവന്‍ വകഭേദങ്ങളെയും തിരിച്ചറിയുന്നു.
നിലവില്‍ കേരളം, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, പുതുച്ചേരി, ഗുജറാത്ത്, തെലങ്കാന, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്.
സർക്കാർ കണക്കുകൾ പ്രകാരം, രോഗബാധിതരിൽ 93 ശതമാനവും നേരിയ ലക്ഷണങ്ങളോടെ വീടുകളില്‍ ഐസോലേഷനില്‍ കഴിയുന്നുണ്ട്. രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരിൽ 0.1% പേർ മാത്രമാണ് വെന്റിലേറ്റർ സപ്പോർട്ടില്‍ ഉള്ളത്. 1.2% പേർ തീവ്രപരിചരണ വിഭാഗത്തിലും 0.6% പേർ ഓക്സിജൻ സപ്പോർട്ടിലും ഉണ്ട്.










