ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ കനത്ത പരാജയങ്ങൾക്ക് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനും ടീമിനുമെതിരെ ഉയർന്ന കടുത്ത വിമർശനങ്ങളെ പ്രതിരോധിക്കാൻ വിചിത്ര ന്യായീകരണങ്ങളുമായി പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി.
ഇന്ത്യ അയർലൻഡിനോടും ദക്ഷിണാഫ്രിക്ക നമീബിയയോടും അപ്രതീക്ഷിതമായി തോറ്റിട്ടുണ്ടെന്നും അതുകൊണ്ട് ആ രാജ്യങ്ങളിൽ ക്രിക്കറ്റ് അവസാനിച്ചോ എന്നും അദ്ദേഹം ചോദിച്ചു. ഒരു ടീമും ഒറ്റരാത്രികൊണ്ട് ചാമ്പ്യന്മാരാകില്ലെന്നും വമ്പൻ ടീമുകൾക്ക് പോലും കളിക്കളത്തിൽ അപ്രതീക്ഷിത തിരിച്ചടികൾ നേരിടേണ്ടി വരാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ട് പര്യടനത്തിനിടയിൽ വെച്ച് ഏഴ് കളിക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചതിനും ബോളിംഗ് പരിശീലകൻ ഉമർ ഗുൽ, മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് എന്നിവരടങ്ങുന്ന കോച്ചിംഗ് സംഘത്തെ നീക്കിയതിനും പിന്നാലെ വലിയ ജനരോഷമാണ് ബോർഡിനെതിരെ ഉയർന്നത്. മോശം ഫോമിലൂടെ കടന്നുപോകുന്ന സൽമാൻ ആഘയെപ്പോലുള്ള മികച്ച താരങ്ങളെ പൂർണ്ണമായി പുറത്താക്കുകയല്ല ലക്ഷ്യമെന്നും, പ്രകടനം മോശമാകുമ്പോൾ ടീമിൽ അഴിച്ചുപണികൾ സ്വാഭാവികമാണെന്നും നഖ്‌വി വ്യക്തമാക്കി. ടീമിന് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ മാനേജ്‌മെന്റ് ബാധ്യസ്ഥരാണെന്നും ഓരോ മത്സരവും പരമ്പരയും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു.
ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങളിലെ തോൽവി നിരാശാജനകമാണെങ്കിലും, ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ പാകിസ്താൻ കൈവരിച്ച പുരോഗതിയെ ഇത് ബാധിക്കരുതെന്ന് നഖ്‌വി വാദിച്ചു. നിലവിലെ സംഘം ചുമതലയേറ്റ ശേഷം ഏകദിന റാങ്കിംഗിൽ എട്ടാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്കും, ടി20യിൽ ഒൻപതാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്കും രാജ്യം മുന്നേറിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ നേതൃത്വം വന്നതിനു ശേഷം പാകിസ്താൻ ക്രിക്കറ്റ് തകർന്നുവെന്ന് ആരോപിക്കുന്നവർ മുൻപത്തെ റാങ്കിംഗുകൾ പരിശോധിക്കണമെന്നും, വരും ദിവസങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റിലും ടീം ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും പിസിബി ചെയർമാൻ കൂട്ടിച്ചേർത്തു












