തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന് ഇന്ന് സമാപനം. കഴിഞ്ഞ മാസം 18 ന് ആരംഭിച്ച 35 ദിവസത്തെ യാത്ര കോടതിയില്‍ നിന്നും ജനങ്ങളില്‍ നിന്നും ഒട്ടേറെ തിരിച്ചടികള്‍ ആണ് നേരിട്ടത്. യാത്രക്കിടെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇന്ന് 5 മണ്ഡലങ്ങളില്‍ ആണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം നടക്കുക.
സമാപന ദിവസമായ ഇന്നും ശക്തമായ പ്രതിഷേധം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റി വച്ച എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം അടുത്ത മാസം 1, 2 തീയതികളില്‍ പൂർത്തിയാക്കും.
മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പോലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസിന്‍റെ ഡിജിപി ഓഫീസ് മാര്‍ച്ച് ഇന്ന് നടക്കും. പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് നിന്നാണ് മാര്‍ച്ച് തുടങ്ങുക. കെ സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും.
Discussion about this post