ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ കോവിഡ് കേസിൽ വലിയ വർദ്ധന. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 423 പോസിറ്റീവ് കേസുകളാണ് പുതിയതായി രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 266 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്നാണ്. 70 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കർണാടകയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ, രാജ്യത്തെ ആകെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 3,420 ആയി. കേരളത്തിൽ ഇതുവരെ രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേസമയം, നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കൃത്യമായ മുൻകരുതൽ സ്വീകരിച്ച് ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. കഴിഞ്ഞ നാല് ആഴ്‌ചകൾക്കുള്ളിൽ തന്നെ കോവിഡ് കേസുകളിൽ 52 ശതമാനം വർദ്ധവാണ് ഉണ്ടായിട്ടുള്ളത്. ഈ കാലയളവിൽ 850 000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 28 ദിവസത്തെ കണക്കനുസരിച്ച് പുതിയ മരണങ്ങളുടെ എണ്ണം 8 ശതമാനം കുറഞ്ഞു.
നിലവിലെ സാഹചര്യമനുസരിച്ച്, കോവിഡിന്റെ ജെ.എൻ1 അപകടസാധ്യത കുറവാണ്. എന്നാൽ, ശൈത്യകാലം ആരംഭിക്കുന്നതോടെ, ഇതിനോടൊപ്പം, പല രാജ്യങ്ങളിലും ശ്വാസകോശ സംബന്ധമായ അണുബാധകളും വർദ്ധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഇൻഫ്ലുവൻസ, ന്യൂമോണിയ എന്നിവയും വർദ്ധിച്ചുവരികയാണ്. അണുബാധകളും ഗുരുതരമായ രോഗങ്ങളും തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലോകാരോഗ്യ സംഘടന ജനങ്ങൾക്ക് നിർദേശം നൽകി. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, മറ്റുള്ളവരിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക, ശ്വസന മര്യാദകൾ പാലിക്കുക, പതിവായി കൈകൾ വൃത്തിയാക്കുക എന്നിങ്ങനെയുള്ള മുൻകരുതലുകൾ പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
Discussion about this post